ദുബൈ– ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം. ഈദ് ദിവസം മുതൽ മൂന്നാം ദിവസത്തിന്‍റെ അവസാനം വരെയാണ് എല്ലാ പൊതു പാർക്കിങുകളും സൗജന്യമായിരിക്കുക. മൾട്ടി സ്റ്റോറി പാർക്കിങ് സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസം മുതൽ സാധാരണ പാർക്കിങ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
അബുദാബിയിൽ ഈ മാസം 19 മുതൽ 22 വരെ തുടർച്ചയായ നാല് ദിവസമാണ് പാർക്കിങ് സൗജന്യമായിരിക്കുക. ഇതോടൊപ്പം ‘ദർബ്’ ടോൾ ഗേറ്റുകളിൽ ഈ ദിവസങ്ങളിൽ ചാർജ് ഈടാക്കില്ലെന്ന് ഇതു കൈകാര്യം ചെയ്യുന്ന ക്യു മൊബിലിറ്റി അറിയിച്ചു. 23 മുതൽ പാർക്കിംഗ് ഫീസും ടോൾ നിരക്കുകളും സാധാരണ നിലയിലാകും.
ഷാർജയിൽ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് പൊതു പാർക്കിങ് സൗജന്യമായി നൽകുന്നത്. എന്നാൽ ആഴ്ചയിൽ എല്ലാ ദിവസവും (നീല ബോർഡുകൾ സ്ഥാപിച്ച) സോണുകളിൽ ഫീസ് ബാധകമാണെന്നും ഈ ഇളവ് ലഭിക്കില്ലെന്നും ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്



