ദുബൈ– പ്രശസ്ത ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ ഏറ്റവും പുതിയ മോഡൽ തങ്ങളുടെ പട്രോൾ വാഹനനിരയിൽ ചേർത്ത് ദുബൈ പോലീസ്. ഔഡിയുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിലൊന്നായ ഔഡി RS7 പെർഫോമൻസ് കാറാണ് ദുബൈ പോലീസ് സ്വന്തമാക്കിയത്.
സുരക്ഷ മെച്ചപ്പെടുത്താനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും പ്രമുഖ കാർ കമ്പനികളുമായി ചേർന്ന് ടൂറിസ്റ്റ് പട്രോൾ വാഹനങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
മ്യൂസിയം ഓഫ് ദി ഫ്യൂചറിൽ നടന്ന പ്രകാശന ചടങ്ങിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സിന്റെ അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഈദ് മുഹമ്മദ് താനി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂ ഡയറക്ടർ മേജർ ജനറൽ റാഷിദ് അൽ ഫലാസി എന്നിവർ നേതൃത്വം നൽകി. അൽ നബൂദ ഓട്ടോമൊബൈൽസുമായി ചേർന്നാണ് ദുബൈ പോലീസ് വാഹനം പുറത്തിറക്കിയത്. അൽ നബൂദ ഓട്ടോമൊബൈൽസിൽ നിന്നുള്ള ജനറൽ മാനേജർ ജാൻ ഷൈഡ്ജെനും പരിപാടിയിൽ പങ്കെടുത്തു
RS7-ന്റെ പ്രത്യേകതകൾ ചടങ്ങിൽ വിശദീകരിച്ചു. ഈ കാറിന് 630 കുതിരശക്തിയും, 4.0-ലിറ്റർ V8 ട്വിൻ-ടർബോ എഞ്ചിനും, 850 Nm ടോർക്കും ഉണ്ട്. ഇത് കാറിന് മികച്ച വേഗതയും നിയന്ത്രണവും നൽകുന്നു. 0-ത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത 3.4 സെക്കൻഡിൽ എത്തും. കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 305 കിലോമീറ്റർ വരെയാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ടിപ്ട്രോണിക് ഗിയർബോക്സാണ് വാഹനത്തിന്റെ മറ്റൊരു പ്രത്രേകത. മികച്ച റോഡ് ഗ്രിപ്പിനായി ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും കാറിനുണ്ട്. സ്പോർടി ലുക്ക്, വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, 22-ഇഞ്ച് അലോയ് വീലുകളാണ് കാറിന്റെ ഡിസൈൻ വിശേഷതകൾ. ആഡംബര ലെതർ സീറ്റുകൾ, ഡിജിറ്റൽ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുങ്ങിയവക്കൊണ്ട് നിറഞ്ഞതാണ് കാറിന്റെ ഇന്റീരിയർ.
ആധുനിക സാങ്കേതികവിദ്യയും മനോഹരമായ രൂപവും ഉള്ള ഈ കാർ പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദുബൈയുടെ ആധുനികതയും ആഡംബരവും പ്രദർശിപ്പിക്കുകയും ചെയ്യും.
മേജർ ജനറൽ താനി, അൽ നബൂദ ഓട്ടോമൊബൈൽസുമായുള്ള ദീർഘകാല സഹകരണത്തെ പ്രശംസിച്ചു. ഈ കാറുകൾ ടൂറിസ്റ്റ് മേഖലകളിൽ പോലീസിന്റെ സാന്നിധ്യം വർധിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യ ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
“ദുബൈ പോലീസുമായുള്ള ഞങ്ങളുടെ സഹകരണം ഉയർന്ന പ്രകടനവും മികച്ച സേവനവും സംയോജിപ്പിക്കുന്നു. ഔഡി RS7 ഉൾപ്പെടുത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.” അൽ നബൂദ ഓട്ടോമൊബൈൽസിന്റെ സിഇഒ കെ. രാജാറാം പറഞ്ഞു.