ദുബൈ: ദുബൈ കെഎംസിസി ആസ്ഥാനത്തെ നവീകരിച്ച ലൈബ്രറിക്ക് മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ കെ.എം സീതി സാഹിബിന്റെ പേര് നല്‍കി.
ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ദുബൈ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര നിര്‍വ്വഹിച്ചു. ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ബോര്‍ഡ് ഡയരക്ടര്‍ റാഷിദ് അസ്ലം ലോഗോ ഏറ്റുവാങ്ങി. ദുബൈ കെഎംസിസി ഉപാധ്യക്ഷനും തൂലിക ഫോറം ചെയര്‍മാനുമായ ഇസ്മായില്‍ ഏറാമല അധ്യക്ഷനായി.
ദുബൈ കെഎംസിസി മീഡിയ ആന്റ് ലിറ്ററേച്ചര്‍ വിഭാഗമായ തൂലിക ഫോറമാണ് ലൈബ്രറി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.പ്രവാസികളില്‍ നിന്നും പ്രസാധകരില്‍ നിന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചുവരികയാണ്. സീതി സാഹിബ് എഴുത്തും വായനയും പ്രോത്സാഹിപ്പിച്ച ധിഷണാശാലിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഒരു ലൈബ്രറി പ്രവാസികള്‍ക്കായ് സ്ഥാപിക്കാനാവുന്നു എന്നത് അഭിമാനമാണെന്നും ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, പി.വി നാസര്‍, അഡ്വ.ഇബ്രാഹിം ഖലീല്‍, അഫ്സല്‍ മെട്ടമ്മല്‍, അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍, തൂലിക ഫോറം ഭാരവാഹികളായ വി.കെ.കെ റിയാസ്, ബഷീര്‍ കാട്ടൂര്‍, മൂസ കൊയമ്പ്രം, സുബൈര്‍ അബ്ദുല്ല കാസറഗോഡ്, നബീല്‍ നാരങ്ങോളി പ്രസംഗിച്ചു. തൂലിക ഫോറം വൈസ് ചെയര്‍മാന്മാരായ അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.
പ്രവാസ ലോകത്തെ സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് രംഗത്തുള്ളവര്‍ അവരുടെ പിതാക്കന്മാരെ കുറിച്ചെഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍ ‘പിതൃദര്‍പ്പണം’ എന്ന പേരില്‍ പുസ്തകമാക്കി തൂലിക ഫോറം പ്രസിദ്ധീകരിക്കുമെന്നും ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുമെന്നും ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല അറിയിച്ചു.
പുസ്തക ചര്‍ച്ച, സാഹിത്യ സെമിനാര്‍, മാധ്യമ സെമിനാര്‍ തുടങ്ങി വിവിധ പരിപാടികള്‍ തൂലിക ഫോറത്തിന് കീഴില്‍ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.






