ദുബൈ– സ്വര്‍ണം കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ‘ഗോള്‍ഡ് സ്ട്രീറ്റ്’ ഒരുക്കിക്കൊണ്ട് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ. ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റാണ് ഇതിലൂടെ പിറവിയെടുക്കുന്നത്
ദെയ്റയിൽ തുറമുഖ നഗരത്തിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വര്‍ണാഭരണ വില്‍പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സ്വര്‍ണത്താല്‍ പൊതിഞ്ഞ അത്ഭുത തെരുവിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി ആരംഭിച്ച ദുബൈ ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോള്‍ഡ് സ്ട്രീറ്റും ഒരുങ്ങുന്നത്. സ്വര്‍ണത്താൽ ചുറ്റപ്പെട്ട തെരുവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബൈയിലെ സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പുതിയ ആസ്ഥാനമായി ഇവിടം മാറും. ചില്ലറ വില്‍പ്പനയും മൊത്ത വ്യാപാരവും നിക്ഷേപവുമെല്ലാം ഗോള്‍ഡ് സ്ട്രീറ്റില്‍ കേന്ദ്രീകരിക്കും.
ദുബൈയുടെ പാരമ്പര്യത്തിനൊപ്പം ഭാവിയിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. സ്വര്‍ണ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിലെ പ്രധാന ആകര്‍ഷണമായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇതിലൂടെ ഏറെ സൗകര്യങ്ങൾ ലഭിക്കും. അടുത്തടുത്ത് ജ്വല്ലറി ബ്രാൻഡുകൾ, താമസ സൗകര്യം, വിശാലമായ കാർ പാർക്കിങ്, റസ്റ്ററന്റുകൾ ഉൾപ്പെടെ സ്വർണ വ്യവസായത്തിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഗോൾഡ് ഡിസ്ട്രിക്ട് യാഥാർഥ്യമായിരിക്കുന്നത്.
പുതിയതായി ഒരുങ്ങുന്ന ഗോള്‍ഡ് സ്ട്രീറ്റ് ദുബൈയുടെ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
പ്രമുഖ ഇന്ത്യന്‍-അറബ് ജ്വല്ലറികള്‍ ഇതിനോടകം തന്നെ ഇവിടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സ്വര്‍ണത്തിന് പുറമെ പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് മേഖലകളിലെ ആയിരത്തിലധികം ബ്രാന്‍ഡുകളും അണിനിരക്കും.



