മുക്കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് യു.എ.ഇ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. പ്രളയത്തിന്റെ ദുരിതത്തിലാണ് ഇപ്പോഴും കുറെയാളുകൾ. പ്രവാസിയുടെ ദുരിതം പ്രവാസിയുടെ മാത്രം സങ്കടമാകുന്നതിന്റെ മറ്റൊരു ചിത്രം കൂടിയാണ് ഈ പ്രളയവും കാണിച്ചു തന്നത്. അബുദബിയിലെ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകൻ ജാഫർ തങ്ങളുമായുള്ള പ്രളയകാലത്തെ സംഭാഷണം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരൻ റഫീഖ് ഉമ്പാച്ചി.
കുറിപ്പ് വായിക്കാം.
അബൂദബിയിലെ നല്ലൊരു മനുഷ്യനാണ് ജാഫർ തങ്ങൾ. നല്ല മനുഷ്യൻ എന്ന് പറഞ്ഞാൽ കുറ്റവും കുറവുമൊക്കെയുള്ള, മനസ്സിനു ഇസ്തിരിയിട്ട് നടക്കാത്ത, രാഹുൽ ഗാന്ധിയെ ഒക്കെ പോലെയുള്ള, ഇടക്ക് ഓഫായിപ്പോകുന്ന, അഭിനയമൊന്നും വശമില്ലാത്ത ആളുകളാണ് എനിക്ക് നല്ല മനുഷ്യർ. ഒരു love and hate relationship പരസ്പരം സാധിക്കുന്ന, trained അല്ലാത്ത സാധാരണ മനുഷ്യർ.
ജാഫർ തങ്ങൾക്ക് സ്വന്തമായി ഒരു സംഘടനയുണ്ട്.
ഗ്രീൻ വോയ്സ്. അതുവഴി സ്വന്തം സന്തോഷം കണ്ടെത്തുകയും ആളുകൾക്ക് സന്തോഷമെത്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഈ നാദാപുരം തങ്ങൾ. കോടിക്കണക്കിന് ഉറുപ്പികയുടെ കാരുണ്യ പ്രവൃത്തികൾ സാക്ഷാൽക്കരിച്ച ഒരു ചെറുസംഘം. ഞാൻ അബൂദാബിക്കാരനായ ശേഷമുള്ള കണക്കെടുത്താൽ തന്നെ, തങ്ങൾ കൊല്ലം കൊല്ലം നടത്തിവരാറുള്ള “സാംസ്കാരിക ഉറൂസി”ലേക്ക് കേരളത്തിൽ നിന്നുള്ള അനേകം സാമൂഹിക പ്രവർത്തകരെയും കലാകൃത്തുക്കളെയും സാഹിത്യകാരെയും പത്രമാധ്യമ പ്രവർത്തകരെയുമെല്ലാം കൊണ്ടുവരികയും ആദര,പാരിതോഷിക,പുരസ്കാര അർപ്പണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നുവെച്ചാൽ തങ്ങളുടെ സൗഹൃദവും സൽക്കാരവും പറ്റിയ വലുപ്പക്കാരും ചെറുപ്പക്കാരും കേരളത്തിന്റെ പൊതുജീവിതത്തുറകളിൽ എമ്പാടുമുണ്ട്.
ജാഫർ തങ്ങൾ ഇന്നലെ വിളിച്ചു.
ഇക്കുറി ഗ്രീൻ വോയ്സിന്റെ നോമ്പുതുറക്ക് എന്നെ വിളിക്കാത്തതിലുള്ള അരിശം തീർക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതിനു ഓങ്ങിയാണ് ഫോണെടുത്തത്. നോക്കുമ്പോൾ അതിനുപറ്റിയ പരുവമല്ല. നല്ലവരായ തങ്ങൾ ഒരു ആത്മസങ്കടം പറയാനാണ് വിളിച്ചിരിക്കുന്നത്.
ഇവിടെ യു.എ.യിൽ ഒരു വലിയ മഴക്കെടുതിയുണ്ടായി. ഒരുപാടാളുകൾ ഇപ്പോഴും അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്നു, പാർപ്പിടങ്ങൾ ഒഴിയേണ്ടി വന്നവരുണ്ട്, പാർപ്പിടങ്ങളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്, ദൈനംദിന ജീവിതത്തിനു പരസഹായം ആവശ്യമായവരുണ്ട്, മൊത്തത്തിൽ ഏറെപ്പേർ ദുരിതത്തിലകപ്പെട്ടിട്ടുണ്ട്. ഇതൊക്കെ എല്ലാവരും എല്ലായിടത്തും സചിത്ര വിവരണങ്ങളോടെ അറിയുന്നുണ്ട്.
ഇത്രയും പറഞ്ഞിട്ട് തങ്ങൾ ചോദിച്ചു,
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിൽ നിന്ന് ഉമ്പാച്ചിയെ വിളിച്ചിട്ട് ആരെങ്കിലും സേഫ് ആണോ ബുദ്ധിമുട്ട് വല്ലതുമുണ്ടോ എന്നു ചോദിച്ചോ.?!
രണ്ടുമൂന്ന് സുഹൃത്തുക്കൾ അന്വേഷിക്കുകയുണ്ടായി എന്ന് ഞാൻ സത്യം പറഞ്ഞു. എന്നാൽ വെറും രണ്ടേരണ്ട് പേരാണ് പോലും തങ്ങളെ വിളിച്ചതും വിവരമന്വേഷിച്ചതും..!
നാട്ടിലൊരു വിഷമം വന്നാൽ നമ്മൾ ഗൾഫുകാർ എത്രയാണ് വ്യാകുലരാവുക, എത്ര പെട്ടെന്നാണ് ആശ്വാസപരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുക, കാര്യപരിപാടികൾ ആരംഭിക്കുക. ഗൾഫിലൊരു വിഷമം വന്നാൽ അവരും ഒന്ന് അന്വേഷിച്ചു നോക്കുകയെങ്കിലും വേണ്ടേ. ഇവിടത്തെ സംഘടനകളില്ലേ, കെ.എം.സി.സി പോലുള്ള, അതിന്റെ തലപ്പത്തുള്ളവരെ എങ്കിലും നാട്ടിലെ നേതാക്കളെങ്കിലും ഒന്നു വിളിക്കണ്ടേ. അതൊന്നും ഉണ്ടായിട്ടില്ല ഉമ്പാച്ചീ.. തങ്ങളുടെ ന്യായമായ ദുഖത്തിൽ ഞാനും കുറച്ചുനേരം നിശ്ശബ്ദനായി.
തങ്ങളേ..
ഗൾഫുകാരുടെ ദുരഭിമാനവുമായി ഇപ്പറഞ്ഞതിനു തെറ്റില്ലാത്തൊരു ബന്ധമുണ്ട്. നാട്ടിലെ ഏതു പ്രശ്നത്തിനും ഗൾഫിൽ നിന്നൊരു പരിഹാരമുണ്ട്, ഗൾഫിലെ ഒരു പ്രശ്നത്തിനും നാട്ടിൽ നിന്നൊരു പരിഹാരമില്ല എന്നൊരു സിദ്ധാന്തം അദൃശ്യമായി നമ്മുടെ നടപ്പുജീവിതത്തിലുണ്ട്. ഇവിടത്തെ നിജസ്ഥിതികൾ നാട്ടിലാരും അറിയരുതെന്ന വാശിയോടെയാണ് പണ്ടത്തെ ഗൾഫുകാർ ഇവിടെ നരകിച്ചിട്ടും നാട്ടിലേക്ക് സന്തോഷം കൊടുത്തയച്ചിരുന്നത്. ഇവിടത്തെ കഷ്ടപ്പാടുകൾ ചെറിയ അളവെങ്കിലും ആദ്യകാലത്തെ ഗൾഫുകാർ നാട്ടിലുള്ളവരെ അറിയിച്ചിരുന്നെങ്കിൽ ഗൾഫ് പണത്തിന്റെ മൂല്യം ഇരട്ടിയായേനെ. അതുണ്ടായില്ല. നാട്ടിലെ അടുക്കളയിൽ നാലു കൂറ അധികം പ്രത്യക്ഷപ്പെട്ടാൽ ഹിറ്റിന്റെ സ്പ്രേ അയക്കാൻ കത്തെഴുതുന്ന വീട്ടുകാർ ഒരിക്കലും ഇവിടത്തെ അടുക്കളകളിലെ കൂറകൾ സമേതമുള്ള കുടിപാർപ്പറിഞ്ഞില്ല. ഇതൊരു പ്രശ്നമാണ്.
തങ്ങളേ..
മുമ്പ്, വളരേ പണ്ട് എംബസി ഉദ്യോഗസ്ഥർ ദേരയിൽ വന്ന് പാസ്പോർട്ട് ഇല്ലാത്തവരോട് പാസ്പോർട്ട് എടുക്കാൻ സദയം അഭ്യർത്ഥിച്ചുനടന്നിരുന്നു എന്ന് പണ്ടത്തെ ദുബൈ-നാദാപുരം കിസ്സകൾ പറഞ്ഞവർ ഓർക്കുന്നുണ്ട്. വിവരങ്ങൾ രേഖകളിൽ വരുന്നത് ആളുകൾക്ക് അക്കാലത്ത് പേടിയായിരുന്നു. നമ്മുടെ ഈ ഒളിച്ചുവെക്കലിന് അങ്ങനെയും ഒരു ഭൂതകാലമുണ്ട്. ചിലപ്പോൾ ഇവിടത്തെ കഥകൾ നാട്ടിലറിഞ്ഞാലുള്ള ചേപ്പറ വിചാരിച്ചിട്ടുപോലുമാകാം അത്.
തങ്ങളേ..
ഇപ്പോൾ മനുഷ്യർക്ക് പരസ്പരം കാണാനും പറയാനുമുള്ള എത്രയെത്ര ആപ്പുകളുണ്ട്. എന്നാലും നാട്ടിലേക്കു വിളിക്കേണ്ടത് നമ്മളല്ലേ, ഗൾഫിലേക്ക് വിളിക്കുക എന്നത് ഒരാവശ്യം വന്നാലല്ലേ നാട്ടുകാരും എന്തിനു വീട്ടുകാരു വരേ ചെയ്യൂ.. അതങ്ങനെയാണ്.
നമ്മളായിട്ട് ശീലിപ്പിച്ചതാണ്.
ഇന്നലെ ഇത്രയും പറഞ്ഞുകൊണ്ട്
ഞങ്ങൾ ദുഖിതതുല്യരായി പ്രഖ്യാപിച്ച ശേഷം
ഫോൺവിളിയും ജീവിതാവലോകനവും അവസാനിപ്പിച്ചു.