ദുബൈ – രണ്ട് മണിക്കൂർ കൊണ്ട് ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡും ലഭ്യമാക്കുന്ന പുതിയ എക്‌സ്പ്രസ് ഡെലിവറി സർവീസിന് തുടക്കമിട്ട് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്‌സ് അതോറിറ്റി (ആർ.ടി.എ). ഓൺലൈനായി ലൈസൻസിങ് സർവീസുകൾ ഉപയോഗിക്കുന്നവർക്ക് ലഭ്യമായ ഡെലിവറി ഓപ്ഷനുകളിലാണ് എത്ര വേഗത്തിൽ ലൈസൻസ് കൈകളിലെത്തണം എന്ന് തീരുമാനിക്കാൻ കഴിയുക.
സ്റ്റാൻഡേഡ്, സെയിം ഡേ, പ്രീമിയം എന്നിങ്ങനെ മൂന്ന് സർവീസുകളാണ് യു.എ.ഇയിൽ ഉള്ളവർക്ക് ലഭ്യമായിട്ടുള്ളത്. രാജ്യത്തിന് പുറത്തുള്ളവർക്കായി ഇന്റർനാഷണൽ എന്ന സർവീസും ഉണ്ട്.
ദുബൈയിൽ ഉള്ളവർക്ക് രണ്ട് ണിക്കൂറിനുള്ളിൽ ലൈസൻസ് കൈപ്പറ്റാൻ ‘പ്രീമിയം’ ഓപ്ഷൻ ആണ് തെരഞ്ഞെടുക്കേണ്ടത്. 50 ദിർഹംസ് ആണ് ഇതിന്റെ ചാർജ്. അപ്ലൈ ചെയ്യുന്ന അന്നുതന്നെ ലൈസൻസ് ലഭ്യമാക്കുന്ന ‘സെയിം ഡേ’ ഓപ്ഷൻ ദുബൈക്കു പുറമെ അബുദാബി, ഷാർജ എന്നിവിടങ്ങളിലും ലഭ്യമാകും; ചെലവ് 35 ദിർഹം. യു.എ.ഇയിൽ എള്‌ലായിടത്തും ലഭ്യമാകുന്ന സ്റ്റാൻഡേഡ് ഓപ്ഷനിൽ തൊട്ടടുത്ത ദിവസമാവും ഡെലിവറി ലഭിക്കുക. 20 ദിർഹം ആണ് ഇതിന്റെ ചാർജ്. ലോകത്തെങ്ങും ലഭ്യമാക്കുന്ന, 20 ദിർഹം ഫീ ഉള്ള ഇന്റർനാഷണൽ പദ്ധതിക്ക് സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.