ദുബൈ– വാട്ട്‌സ്ആപ്പ് വഴി സഹപ്രവർത്തകനെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കേസിൽ ഒരാൾക്കെതിരെ നടപടിയുമായി ദുബൈ കോടതി. പ്രതിയെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും കോടതി വിലക്കുകയും ഫോൺ കണ്ടുകെട്ടുകയും ചെയ്തു. തന്റെ ഓഫീസിലെ ഒരാളിൽ നിന്നും അപകീർത്തികരവും അപമാനകരവുമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഒരു കോർപ്പറേറ്റ് പ്രൊഫഷണൽ കേസ് നൽകുന്നത്.
പരാതിയെ തുടർന്ന് സാക്ഷിമൊഴികൾ ശേഖരിക്കുകയും പ്രാഥമിക മൊഴികൾ വിശകലനം ചെയ്യുകയും ചെയ്തുകൊണ്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചെങ്കിലും, പരാതിക്കാരൻ മുമ്പ് അയച്ച സന്ദേശങ്ങളാണ് അതിന് കാരണമായതെന്ന് പ്രതി പറഞ്ഞു. എന്നാൽ, കോടതി ഇയാളുടെ വാദം നിരസിക്കുകയും ഇയാൾ കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ ആളുകൾ ശരിയായ രീതിയിൽ ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യം ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഉമർ അഹ്മദ് അബു അൽ സവാദ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള 91 കേസുകൾ കൈകാര്യം ചെയ്യുകയും പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ തടവ് ശിക്ഷയും 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ഇടയാക്കുന്നതാണ് യുഎഇ നിയമമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.