കുവൈത്ത് സിറ്റി – കുവൈത്തിലെ സർക്കാർ മന്ത്രാലയ സമുച്ചയത്തിനും ഷുവൈഖിലെ എണ്ണക്കമ്പനി ആസ്ഥാനത്തിനും നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. തലസ്ഥാനത്തെ സർക്കാർ കെട്ടിടത്തിന് ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ധനമന്ത്രാലയം ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്ന ഈ സമുച്ചയത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇവിടേക്കുള്ള സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജീവനക്കാർ ഞായറാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഡിസ്റ്റൻസ് രീതിയിലേക്ക് മാറുമെന്ന് മന്ത്രാലയം അറിയിച്ചു.
എണ്ണ മന്ത്രാലയവും കുവൈത്ത് പെട്രോളിയം കോർപ്പറേഷനും സ്ഥിതി ചെയ്യുന്ന ഷുവൈഖ് ഓയിൽ കോംപ്ലക്സിലും ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇവിടെയും ആർക്കും പരിക്കേറ്റതായി വിവരമില്ല. നിലവിൽ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് കെട്ടിടം പൂർണ്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. നാശനഷ്ടങ്ങൾ വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമം തുടരുകയാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി.
കുവൈത്തിന് നേരെ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. നഗരത്തിൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും ജനറൽ സ്റ്റാഫ് ഓഫ് ആർമി വ്യക്തമാക്കി. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത്. കുവൈത്തിന് പുറമെ യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കും നിലവിൽ സംഘർഷം വ്യാപിച്ചിട്ടുണ്ട്. പൗരന്മാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടു.



