കുവൈത്ത് സിറ്റി: കുവൈത്തിലും ബഹ്റൈനിലും ഇന്ന് പുലർച്ചെയോടെ വൻ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെയുണ്ടായ ശക്തമായ സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുന്നതിന്റേതാണെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.
അതേസമയം, ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യത്ത് സൈറണുകൾ മുഴങ്ങിയതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
കുവൈത്ത് ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട മുപ്പതോളം മിസൈലുകളും ഡ്രോണുകളുമാണ് കഴിഞ്ഞ ബുധനാഴ്ച കുവൈത്ത് സൈന്യം തകർത്തത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം 63 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തെ തുടർന്ന് കുവൈത്ത് എയർപോർട്ട് താൽക്കാലികമായി അടച്ചിടേണ്ടിയും വന്നു. രാജ്യത്തെ ചില വിദേശ എംബസികൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈത്ത്
തുടർച്ചയായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കുവൈത്തിലെ ഇറാൻ എംബസി ചാർജ് ഡി അഫയേഴ്സ് കൗൺസിലർ ഹാമിദ് ഹമീദ് യഅ്ക്കൂബി ഫറിനെ വിളിച്ചുവരുത്തി രാജ്യം ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ച കുവൈത്ത്, രണ്ട് ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ‘അനഭിമതരായി’ പ്രഖ്യാപിക്കുകയും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു.
കുറ്റം യു.എസിന്റെ മേൽ ചാർത്തി ഇറാൻ; തള്ളി അമേരിക്ക
കുവൈത്ത് എയർപോർട്ടിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ റെവല്യൂഷണറി ഗാർഡ് നിഷേധിച്ചു. തങ്ങളുടെ എയ്റോസ്പേസ് ഫോഴ്സ് പാസഞ്ചർ ടെർമിനലിലേക്ക് മിസൈലുകൾ അയച്ചിട്ടില്ലെന്നും, കുവൈത്തിലെ യു.എസ് വിമാനങ്ങളുള്ള അലി അൽസാലിം വ്യോമതാവളത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നുമാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് വക്താവ് ഹുസൈൻ മൊഹെബി അവകാശപ്പെട്ടത്. ഇറാൻ മിസൈലുകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കയുടെ ‘പാട്രിയറ്റ്’ മിസൈൽ സംവിധാനത്തിലെ തകരാറാണ് എയർപോർട്ട് ടെർമിനലിൽ പതിക്കാൻ കാരണമായതെന്നും ഇറാൻ വാദിച്ചു.
എന്നാൽ ഇറാന്റെ ഈ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സിവിലിയൻ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഇറാൻ തന്നെയാണ് നേരിട്ട് ഡ്രോൺ ആക്രമണം നടത്തിയത്. അമേരിക്കൻ ഇന്റർസെപ്റ്റർ മിസൈൽ കാരണമാണ് വിമാനത്താവളത്തിന് കേടുപാടുണ്ടായതെന്ന ഇറാന്റെ പ്രസ്താവന വ്യാജമാണ്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ ആക്രമണമാണെന്നും യു.എസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു.



