ജിദ്ദ: ഇൻസുലിൻ പൂർണമായും സൗദിയിൽ നിർമിക്കൽ അടക്കം വാക്‌സിൻ വികസനം, ക്ലിനിക്കൽ ഗവേഷണം, ബയോടെക്‌നോളജി എന്നീ മേഖലകളിൽ സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനെ കുറിച്ച് സൗദി അറേബ്യയും ഫ്രഞ്ച് ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫിയും ചർച്ച നടത്തി.
ഫ്രഞ്ച് നഗരമായ ലിയോണിൽ സൗദി ആരോഗ്യമന്ത്രി ഫഹദ് അൽജലാജിലും സനോഫി ഡയറക്ടർ ബോർഡ് ചെയർമാൻ ഫ്രെഡറിക് ഔഡിയയും കമ്പനി വാക്‌സിൻകാര്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ട്രയോംഫെയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇൻസുലിൻ പൂർണമായും സൗദിയിൽ നിർമിക്കൽ അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്.
പ്രമേഹ പരിചരണത്തിനുള്ള ഹെൽത്ത് കമ്പാനിയൻ പ്രോഗ്രാം ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഗവേഷണം, സംയുക്ത ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയിലൂടെ ദേശീയ ആരോഗ്യ സംരക്ഷണ ശേഷികൾ വികസിപ്പിക്കാനും നൂതന ചികിത്സകളിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്താനും പ്രാദേശിക ശേഷികൾ വർധിപ്പിക്കാനും സൗദി വിഷൻ 2030 ലക്ഷ്യമിടുന്നു.
ലിയോണിൽ സനോഫി കമ്പനി അടുത്തിടെ പൂർത്തിയാക്കിയ നൂതന വാക്‌സിൻ പ്ലാന്റ് സൗദി ആരോഗ്യ മന്ത്രി സന്ദർശിച്ചു. പ്ലാന്റിന്റെ നൂതന ഉൽപാദന സാങ്കേതികവിദ്യകളും വാക്‌സിൻ വികസനം, ഉൽപാദനം, ബയോടെക്‌നോളജി എന്നീ മേഖലകളിൽ സൗദി അറേബ്യയുമായുള്ള പങ്കാളിത്തം വർധിപ്പിക്കാനുള്ള അവസരങ്ങളും മന്ത്രി അവലോകനം ചെയ്തു. 1973 ഫെബ്രുവരി 15ന് സ്ഥാപിതമായ സനോഫി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കേന്ദ്ര നാഡീവ്യൂഹം, പ്രമേഹം, ആന്തരിക വൈദ്യശാസ്ത്രം, ഓങ്കോളജി, ഹെമോസ്റ്റാസിസ്, വാക്‌സിനുകൾ എന്നിങ്ങനെ ഏഴ് പ്രധാന ചികിത്സാ മേഖലകളിൽ പ്രവർത്തിക്കുന്നു.
അനുബന്ധ സ്ഥാപനമായ സനോഫി പാസ്ചർ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉൽപാദകരാണ്. ക്ലിനിക്കൽ ഗവേഷണം, നവീകരണം, ഡിജിറ്റൽ ആരോഗ്യം, രോഗീ പരിചരണ പ്രോഗ്രാമുകൾ എന്നീ മേഖലകളിൽ സൗദി ഹെൽത്ത് ഹോൾഡിംഗ് കമ്പനിയും സനോഫി അറേബ്യയും തമ്മിൽ സഹകരണം വർധിപ്പിക്കാൻ ധാരണാപത്രം ഒപ്പുവെക്കുന്നതിനും ഫഹദ് അൽജലാജൽ സാക്ഷ്യം വഹിച്ചു.
2024-ൽ സനോഫിയുടെ ആകെ വരുമാനം 4,108 കോടി യൂറോ ആയിരുന്നു. പ്രവർത്തന വരുമാനം 725.2 കോടി യൂറോയും അറ്റാദായം 561.8 കോടി യൂറോയും ആയിരുന്നു. ലോകമെമ്പാടുമായി 82,878 പേർക്ക് കമ്പനി ജോലി നൽകുന്നു. ബയോളജിക്‌സും വാക്‌സിനുകളും ഉൾപ്പെടെയുള്ള പരിവർത്തന ചികിത്സകൾ സനോഫി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ കമ്പനിക്ക് വിപുലമായ അനുഭവപരിചയവുമുണ്ട്.