അബുദാബി– അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി.
2023 ജൂലായ് 6 ന് അബുദാബി ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറം മരണപ്പെട്ടത്.
ബസിൽ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മുസ്തഫ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
മുസ്തഫയുടെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിൽ 2 ലക്ഷം ദിർഹം ദയാധനം നൽകാനും വാഹനത്തിൻ്റെ ഡ്രൈവർക്ക് 20,000 ദിർഹം പിഴയും അബുദാബി ക്രിമിനൽ കോടതി വിധിച്ചു.
എന്നാൽ, ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗൽ സർവീസസ് മുഖേന ദിയാധനത്തിന് പുറമെ, നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റർ ചെയ്തു. ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ, ദിയാ ധനത്തിന് പുറമെ 2 ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ, കുടുംബത്തിന് ആകെ 4 ലക്ഷം ദിർഹം ലഭിച്ചു. മാതാവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.