ദോഹ – മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽകഅബി മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ എല്ലാ ഊർജ കയറ്റുമതി രാജ്യങ്ങളും ആഴ്ചകൾക്കുള്ളിൽ ഉൽപ്പാദനം നിർത്താൻ നിർബന്ധിതരാകുമെന്നും ഇത് എണ്ണ വില ബാരലിന് 150 ഡോളറിലേക്ക് എത്തിക്കുമെന്നും മന്ത്രി പ്രവചിച്ചു. ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി ഉൽപ്പാദന കേന്ദ്രത്തിൽ ഇറാൻ ഡ്രോൺ ആക്രമണമുണ്ടായതിനാൽ, യുദ്ധം ഉടനടി അവസാനിച്ചാലും എൽ.എൻ.ജി വിതരണം സാധാരണ നിലയിലാകാൻ ഖത്തറിന് ആഴ്ചകൾ മുതൽ ഏതാനും മാസങ്ങൾ വരെ വേണ്ടിവരുമെന്ന് അൽകഅബി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തളർത്തും. യുദ്ധം ആഴ്ചകളോളം തുടർന്നാൽ ആഗോള ജി.ഡി.പി വളർച്ചയെ ബാധിക്കും എല്ലാവർക്കും ഊർജ വില ഉയരും. ചില ഉൽപ്പന്നങ്ങൾക്ക് ക്ഷാമം ഉണ്ടാകും. ഇത് വ്യാവസായിക വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്ന പ്രതികരണത്തിലേക്ക് നയിച്ചേക്കും. ലോകത്തിലെ എണ്ണ, വാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്കും മറ്റ് വാണിജ്യ കപ്പലുകൾക്കും കടന്നുപോകാൻ കഴിയുന്നില്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 150 ഡോളറായി ഉയരുമെന്ന് ഖത്തർ ഊർജ മന്ത്രി പ്രവചിച്ചു. വാതക വില ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ഏകദേശം 40 ഡോളറായി ഉയരുമെന്നും ഇത് യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ നാലിരട്ടിയായിരിക്കുമെന്നും സഅദ് അൽകഅബി പറഞ്ഞു.



