കുവൈത്ത് സിറ്റി – കൈക്കൂലി കൈപ്പറ്റി പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ച കേസില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് നാലു വര്‍ഷം കഠിന തടവ്. ജഹ്റ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വ്യാജരേഖ ചമച്ച കേസില്‍ നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. കേസില്‍ ക്രിമിനല്‍ കോടതി നേരത്തെ ഉദ്യോഗസ്ഥനെ നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. കുവൈത്തിലെ പരമോന്നത കോടതിയും ശരിവെച്ചതോടെ ശിക്ഷ അന്തിമമായി.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയതിന് എട്ടു പ്രവാസികളെയും ശിക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കും നാലു വര്‍ഷം കഠിന തടവ് വീതമാണ് ശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം എട്ടു പേരെയും നാടുകടത്താനും വിധിയുണ്ട്.



