ബഹ്റൈൻ- മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനം ഭാഗികമായി നടക്കും. സൗദി സന്ദർശനം മാറ്റിവെച്ചെങ്കിലും ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ഈ മാസം 17-ന് നടക്കും. നേരത്തെ ഈ മാസം 16നാണ് മുഖ്യമന്ത്രി ബഹ്റൈനിൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകാത്ത സഹചര്യത്തിൽ സൗദി സന്ദർശനം താൽക്കാലികമായി റദ്ദാക്കിയതോടെ ബഹ്റൈനിൽ പരിപാടി 17-ലേക്ക് മാറ്റുകയായിരുന്നു. ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സഭ സമ്മേളനം 17ന് വൈകിട്ട് ഏഴിന് മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ദ മലയാളം ന്യൂസിനെ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം നേരത്തെ നിശ്ചയിച്ചതു പ്രകാരം നിലവിലുള്ള സഹചര്യത്തിൽ നടക്കില്ല. ഈ മാസം 17ന് ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം നിശ്ചയിച്ചിരുന്നത്. ഇത് കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ മറ്റൊരു ദിവസം സൗദി സന്ദർശനം നടക്കാനുള്ള നീക്കം ബന്ധപ്പെട്ടവർ നടത്തുന്നുണ്ട്. നവംബർ മധ്യത്തോടെ സൗദിയിൽ സന്ദർശനം നടത്താനാണ് പദ്ധതി. ഇതിന്റെ അനുമതിക്കായി കേന്ദ്രത്തെ വീണ്ടും സമീപിക്കും.