കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും പൗരത്വം നേടിയ കേസിൽ സിറിയക്കാരന് ഏഴ് വർഷം കഠിനതടവും 58.3 ലക്ഷം യു.എസ് ഡോളർ (18 ലക്ഷം കുവൈത്ത് ദീനാർ) പിഴയും വിധിച്ച് അപ്പീൽ കോടതി. ജഡ്ജി അബ്ദുല്ല അൽസ്വാനിഅ് അധ്യക്ഷനും സൗദ് അൽമുതൈരി, ബസ്സാം അൽഗുവൈനം എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അനധികൃതമായി കൈപ്പറ്റിയ ആറു ലക്ഷം ദീനാർ തിരിച്ചടക്കാനും ഇതിന്റെ ഇരട്ടി തുകയായ 12 ലക്ഷം ദീനാർ പിഴയായി അടക്കാനുമാണ് കോടതി ഉത്തരവിട്ടത്.
1971ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രതിയുടെ പിതാവ് ഒരു കുവൈത്തി പൗരനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയെത്തുടർന്ന്, മകനെ ഈ കുവൈത്തി പൗരന്റെ മകനായി വ്യാജമായി പൗരത്വ ഫയലിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന്റെ മറവിൽ വ്യാജ പൗരത്വ രേഖകൾ ഉപയോഗിച്ച് പ്രതി കുവൈത്ത് സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും പ്രതിരോധ മന്ത്രാലയത്തിൽ സൈനികനായി ജോലി നേടുകയും ചെയ്തു.
പ്രതിയും സിറിയയിലുള്ള സഹോദരങ്ങളും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് വർഷങ്ങൾ പഴക്കമുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സഹോദരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ 2000 മുതൽ തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട കുവൈത്തി പൗരൻ നേരത്തെ മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







