അബുദാബി– രാജ്യത്തെ സ്കൂൾ പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധിയിൽ മാറ്റം നടപ്പാക്കുന്നു. 2026-2027 അധ്യയന വർഷം മുതൽ കിന്റർഗാർട്ടൻ, ഗ്രേഡ് 1 ക്ലാസുകളിലേക്കുള്ള പ്രായപരിധിയിലാണ് മാറ്റം വരുത്തിയത്.ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയനമാരംഭിക്കുന്ന സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമാണ് നിയമം ബാധകം.ഏപ്രിലിൽ ക്ലാസുകൾ ആരംഭിക്കുന്ന സ്കൂളുകളിൽ നിലവിലുള്ള മാർച്ച് 31 എന്ന തീയതിയിൽ മാറ്റമുണ്ടാകില്ല.
ഇതുപ്രകാരം പ്രവേശനം നേടുന്ന വർഷം ഡിസംബർ 31- നകം നിശ്ചിത പ്രായം തികയുന്ന കുട്ടികൾക്ക് സ്കൂളുകളിൽ ചേരാം. നിലവിൽ ഇത് ഓഗസ്റ്റ് 31 ആയിരുന്നു. അതായത് പ്രീ-കെജി (എഫ്.എസ്-1) ക്ലാസുകളിൽ ചേരാൻ ഡിസംബർ 31-നകം മൂന്ന് വയസ്സ് തികയണം.കെജി-1 (എഫ്.എസ്-2) പ്രവേശനത്തിന് നാല് വയസ്സും കെജി-2 (ഇയർ-1) പ്രവേശനത്തിന് അഞ്ച് വയസ്സുമാണ് വേണ്ടത്. ഒന്നാം ഗ്രേഡിൽ (ഇയർ-2) ചേരുന്നവർക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണം.
വിദേശത്തുനിന്നു വരുന്നവർക്കും മറ്റ് സ്‌കൂളുകളിൽനിന്നു മാറിവരുന്നവർക്കും അവർ അവസാനമായി പൂർത്തീകരിച്ച ക്ലാസ്, അക്കാദമിക് യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
നേരത്തേ ഓഗസ്റ്റ് 31 എന്ന തീയതി നിശ്ചയിച്ചിരുന്നപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.രക്ഷിതാക്കൾ ഏറെക്കാലമായി ഈ രീതിയിൽ മാറ്റം വരുത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യാന്തര നിലവാരത്തിനൊപ്പം വിദ്യാഭ്യാസ നയങ്ങൾ ക്രമീകരിക്കുന്നതിനും പ്രവേശന നടപടികളിലെ അസമത്വം ഒഴിവാക്കുന്നതിനുമാണ് പുതിയ പരിഷ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.



