ദുഷാൻബെ – കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള മത്സരത്തിൽ ഇന്ന് ഇന്ത്യ ശക്തരായ ഒമാനിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്കാണ് ( ഒമാൻ 4:00 PM) മത്സരം.
ഖാലിദ് ജമീലിന്റെ കീഴിൽ ഇറങ്ങുന്ന ഇന്ത്യ ഗ്രൂപ്പ് റൗണ്ടിൽ ഒരു വീതം ജയവും തോൽവിയും സമനിലയുമടക്കം നാലു പോയിന്റുമായിട്ടാണ് വരവ്. ആദ്യ മത്സരത്തിൽ ശക്തരായ താജിക്കിസ്ഥാനെ അട്ടിമറിച്ച ഇന്ത്യ ഏഷ്യൻ വമ്പൻമാരായ ഇറാനെതിരെ പൊരുതിയായിരുന്നു പരാജയപ്പെട്ടത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയത് തിരിച്ചടിയുമാണ്. അടുത്തമാസം നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കാണ് ബ്ലൂ ടൈഗേഴ്സ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഖാലിദ് ജമീലിന്റെ കീഴിലുള്ള ടീമിന്റെ പ്രതിരോധ നിര വളരെ ശക്തമാണെങ്കിലും താരങ്ങളുടെ ഫിറ്റ്നസ് വളരെയധികം തിരിച്ചടിയാണ്.
എന്നാൽ ശക്തരായ ഒമാനിന്റെ പ്രധാന ലക്ഷ്യം അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളാണ്. ഖത്തറിനെതിരെയും, യുഎഇ ക്കെതിരെയും നടക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ച് ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ ബൂട്ട് കെട്ടുക എന്ന ലക്ഷ്യവുമായി വരുന്ന റെഡ് വാരിയേസിന് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ഗ്രൂപ്പ് റൗണ്ടിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ്കൾ ലഭിച്ചില്ലെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനക്കാരായതാണ് ഇവർക്ക് തിരിച്ചടിയായത്.
ഇന്ന് നടക്കുന്ന കാഫ നേഷൻസ് കപ്പിലെ കലാശ പോരാട്ടത്തിൽ ഏഷ്യൻ വമ്പൻമാരായ ഇറാൻ ശക്തരായ ഉസ്ബെക്കിസ്ഥാനിനെ നേരിടും