മദീന – മദീന പ്രവിശ്യ വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള മദീന ബസ് പ്രോജക്റ്റ്, റമദാന്‍ 26 ഞായറാഴ്ച മുതല്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി മാറ്റിയതായി അറിയിച്ചു. വിശുദ്ധ റമദാനിലെ അവസാന ദിവസങ്ങളില്‍ വിശ്വാസികളുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണിത്. 230, 231, 290, 291, 390, 391, 450, 490, 590 എന്നീ റൂട്ടുകളിലാണ് ഇന്ന് മുതല്‍ ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിച്ചത്. വിശുദ്ധ മാസത്തിലെ അവസാന ദിവസങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഗതാഗത സേവനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ റൂട്ടുകളിലെ സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി മാറ്റുന്നത് പ്രവാചക മസ്ജിദിലേക്കും ഖുബാ പള്ളിയിലേക്കുമുള്ള വിശ്വാസികളുടെയും സന്ദര്‍ശകരുടെയും ചലനം സുഗമമാക്കുമെന്നും യാത്രക്കാരുടെ ഒഴുക്ക് ക്രമീകരിക്കുമെന്നും അതുവഴി മസ്ജിദുന്നബവിക്കടുത്ത പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും ഗതാഗതം മെച്ചപ്പെടുത്തുമെന്നും മദീന ബസ് പ്രൊജക്റ്റ് സൂചിപ്പിച്ചു. റൂട്ടുകളുടെയും സ്റ്റേഷനുകളുടെയും വിശദാംശങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ മദീന ബസ് പ്രോജക്റ്റ് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് മദീന ബസ് പ്രൊജക്റ്റ് ആഹ്വാനം ചെയ്തു.



