മനാമ– കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ 17 വയസ്സുകാരിയായ മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് കോടതി കർശന ശിക്ഷ നൽകിയത്. തടവ് കാലാവധിക്ക് ശേഷം ഇവരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവ് പ്രതി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് വർഷം തടവിന് പുറമെ 2,000 ബഹ്‌റൈൻ ദിനാർ പിഴയും ഇവർ അടക്കണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുദ്ദേശ്യത്തോടെ പാകിസ്ഥാനിൽ നിന്ന് ബഹ്‌റൈനിൽ എത്തിച്ച ശേഷം വിവിധയിടങ്ങളിൽ താമസിപ്പിച്ച് പെൺവാണിഭത്തിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതാണ് പ്രതിക്കെതിരെയുള്ള കുറ്റം. സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരെ കണ്ടെത്തി പെൺകുട്ടിയെ വിവിധ ഫ്ലാറ്റുകളിൽ എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഓരോ ഇടപാടുകാരനിൽ നിന്നും പത്ത് മുതൽ ഇരുപത് ദിനാർ വരെ താൻ ഈടാക്കിയിരുന്നതായും ദിവസം ഏഴോളം പേരെ ഇത്തരത്തിൽ എത്തിച്ചിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു.
കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലായതുകൊണ്ടാണ് ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്നാണ് പ്രതി കോടതിയിൽ നൽകിയ മൊഴി. എന്നാൽ സംരക്ഷിക്കേണ്ട കുട്ടിയെ തന്നെ ചൂഷണത്തിന് ഇരയാക്കി പണം സമ്പാദിച്ച പ്രതിയുടെ നടപടി അതീവ ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിൽ പ്രതി താൻ ചെയ്ത കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞിട്ടുണ്ട്.



