മനാമ– ഇറാൻ്റെ ആക്രമണങ്ങളെ പുകഴ്ത്തി സംസാരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ആറ് ഏഷ്യൻ പൗരന്മാരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആൻ്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇറാൻ്റെ ശത്രുതാപരമായ നടപടികളോട് അനുഭാവം പ്രകടിപ്പിക്കുകയും അവയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന രീതിയിലുള്ള വീഡിയോകളാണ് ഇവർ പ്രചരിപ്പിച്ചത്. ഇത്തരം പ്രവൃത്തികൾ രാജ്യത്തിൻ്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതിനും വഴിതെറ്റിക്കുന്നതിനും കാരണമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ നിയമങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.



