മനാമ – ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി വ്യക്തമാക്കി. ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്കുള്ള ഭീഷണി ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഭീഷണിയായി പരിണമിച്ചു. ആഗോള സ്ഥിരത, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ എന്നിവക്ക് യഥാര്‍ഥ ഭീഷണിയായി മാറിയിരിക്കുന്ന ഈ വര്‍ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ സമയം നിര്‍ണായക ഘടകമായി മാറിയിരിക്കുന്നു. ഫെബ്രുവരി 28 മുതല്‍, ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞു. ഈ സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഊര്‍ജ വിപണികളിലോ ഷിപ്പിംഗ് പാതകളിലോ മാത്രമായി പരിമിതപ്പെടുന്നില്ല. മറിച്ച് ആഗോള ഭക്ഷ്യസുരക്ഷയിലേക്ക് വ്യാപിക്കുന്നു. വളം ക്ഷാമം വഷളാകുമെന്നും പട്ടിണി അപകടസാധ്യതകള്‍ വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ലോകത്ത് നാലര കോടി പേര്‍ കൂടി കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അറബ് ലോകത്തെ ഏകദേശം 40 ലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടും. ആഗോള അപകടസാധ്യതകളുടെ വ്യാപ്തിയാണ് യു.എന്‍ രക്ഷാ സമിതിക്ക് കരട് പ്രമേയം സമര്‍പ്പിക്കാന്‍ ബഹ്‌റനെ പ്രേരിപ്പിച്ചത്. സംഭവിക്കുന്നത് ഒരു പ്രാദേശിക സംഘര്‍ഷമല്ല, മറിച്ച് സമഗ്രമായ അന്താരാഷ്ട്ര പ്രതികരണം ആവശ്യമുള്ള ആഗോള അടിയന്തരാവസ്ഥയാണെന്ന് ഡാ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി പറഞ്ഞു.



