മനാമ- ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഫെസ്റ്റിൽ വൻസമ്മാനങ്ങളോടെ ഒരുക്കിയിരിക്കുന്ന റാഫിള്‍ ഡ്രോയുടെ ജനപ്രീതി വർധിക്കുന്നു. പ്രമുഖ കമ്പനികളുടെ വിലയേറിയ സമ്മാനങ്ങൾ ഉൾക്കൊള്ളുന്ന റാഫിള്‍ ടിക്കറ്റുകൾക്ക് ഇതിനകം തന്നെ ആവശ്യക്കാർ ഏറെയാണ്. ജനുവരി 15, 16 തീയതികളിലായി നടക്കുന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി മെഗാ ഫെസ്റ്റിന്റെ ഭാഗമായാണ് റാഫിള്‍ ഡ്രോ. സാംസങ് കമ്പനിയിൽ നിന്നുള്ള പുതിയ എം.പി. കാർ ഒന്നാം സമ്മാനമായി ലഭിക്കും.
മറ്റു സമ്മാനങ്ങളിൽ ജോയ് ആലുക്കാസ് നൽകുന്ന സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്റു കമ്പനിയിലേതായ 600 ലിറ്റർ ഡബിൾ ഡോർ റഫ്രിജറേറ്റർ, ഹോം തിയേറ്റർ സിസ്റ്റം, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ, പ്രീമിയം ഫിലിപ്സ് വീടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
വൈവിധ്യമാർന്ന സമ്മാനങ്ങളാണ് വേറെയും ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ മെഗാ ഫെസ്റ്റിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ നിരക്ക് 2 ദിനാറാണ്. പൊതുജന പങ്കാളിത്തത്തോടെ ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ഇതുവരെ സംഘടിപ്പിച്ചതിൽ വെച്ച് ഏറ്റവും വലിയ സാംസ്‌കാരിക മേളയായിരിക്കും ഇത്തവണത്തെ വാർഷിക ഫെസ്റ്റ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മുൻ വിദ്യാർത്ഥികൾ, സന്ദർശകർ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേളയുടെ വിജയത്തിനായി ലോജിസ്റ്റിക്‌സ്, പ്രോഗ്രാമുകൾ, സ്‌പോൺസർഷിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. അധ്യാപക–വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് മേള സംഘടിപ്പിക്കുന്നത്.
ജനുവരി 15-ന് വൈകിട്ട് പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്യയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി 16-ന് വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. തുടർന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജാഗ് നയിക്കുന്ന സംഗീത സന്ധ്യയും, ഗായകൻ അഭിഷേക് സോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും.
ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇന്ത്യൻ സ്‌കൂൾ മെഗാ ഫെസ്റ്റ്. ജനുവരി 18-ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം റാഫിള്‍ നറുക്കെടുപ്പ് നടക്കും.
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി മെഗാ ഫെസ്റ്റ് വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അറിയിച്ചു. മാതാപിതാക്കൾ, മുൻ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവർ വലിയ തോതിൽ പങ്കാളികളാകണമെന്ന് അവർ അഭ്യർത്ഥിച്ചു.



