മനാമ – ഇറാന്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു. ബഹ്‌റൈനിലെ സിത്ര പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 32 ബഹ്റൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ശിരസ്സിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ 17 വയസ്സുള്ള പെണ്‍കുട്ടി, കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ട് കുട്ടികള്‍, രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ടീമുകളുടെ പരിചരണം ലഭിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് ആരോഗ്യ സംവിധാനം അതീവ ജാഗ്രതയിലാണ്.
രാജ്യത്തിനെതിരെ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം 102 ബാലിസ്റ്റിക് മിസൈലുകളും 171 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈന്റെ വ്യോമാതിര്‍ത്തി സുരക്ഷിതമായി തുടരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ പോരാട്ട സന്നദ്ധതയെയും പ്രവര്‍ത്തന മികവിനെയും ബഹ്റൈന്‍ പ്രതിരോധ സേന പ്രശംസിച്ചു.
അത്യാവശ്യമില്ലെങ്കില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ആക്രമണങ്ങളുണ്ടാകുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്ന് അകലം പാലിക്കണമെന്നും സൈനിക പ്രവര്‍ത്തനങ്ങളോ അവശിഷ്ട സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്‍ സ്ഥലങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണ്. വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിരോധ സേന പറഞ്ഞു.
ബഹ്‌റൈനിലെ അല്‍മആമീര്‍ ബാപ്‌കോ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി. ആക്രമണങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ബാപ്‌കോ എനര്‍ജീസ് പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരം പ്രാദേശിക വിപണിക്ക് ആവശ്യമായ മുഴുവന്‍ ഇന്ധനവും സ്റ്റോക്കുണ്ട്. പ്രാദേശിക വിപണിയിലെ ഇന്ധന ലഭ്യതക്ക് യാതൊരു തടസ്സവും നേരിടില്ലെന്നും ബാപ്‌കോ എനര്‍ജീസ് വ്യക്തമാക്കി.
യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് അബുദാബി നഗരത്തില്‍ അവശിഷ്ടങ്ങള്‍ വീണ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആദ്യ സംഭവത്തില്‍ ജോര്‍ദാന്‍കാരന് നിസ്സാര പരിക്കേറ്റു. രണ്ടാമത്തെ സംഭവത്തില്‍ ഈജിപ്തുകാരന് പരിക്കുകള്‍ സംഭവിച്ചു. മിസൈലുകളോ ഡ്രോണുകളോ തടഞ്ഞതിന്റെ ഫലമായാണ് അവശിഷ്ടങ്ങള്‍ വീണതെന്നും കൂടുതല്‍ വഷളാകാതെ സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വൈദ്യസഹായം നല്‍കാനും പ്രദേശങ്ങള്‍ സുരക്ഷിതമാക്കാനും എമര്‍ജന്‍സി സംഘങ്ങള്‍ രണ്ട് സ്ഥലങ്ങളിലും കുതിച്ചെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.



