മനാമ– ഓട്ടിസവും, വൈകല്ല്യവുമുള്ള കുട്ടികൾക്കായി മികച്ച വിദ്യഭ്യാസ നടപടികളുമായി ബഹ്റൈൻ മന്ത്രാലയം.
ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജൂമ 2025–2026 അധ്യയന വർഷത്തെ രാജ്യത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാനിരിക്കുന്ന പരിഷ്കാരങ്ങളും വികസന പദ്ധതികളും പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന വിദ്യാഭ്യാസ സേവനങ്ങൾ ഗുണപരമായി മെച്ചപ്പെടുത്താനാണ് പുതിയ നടപടികളിലുടെ ലക്ഷ്യമിടുന്നത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിനും അനുസൃതമായാണ് ഈ മെച്ചപ്പെടുത്തലുകൾ നടക്കുന്നത്.
ഓട്ടിസത്തെയും ബൗദ്ധിക വൈകല്യങ്ങളെയും നേരിടുന്ന കുട്ടികൾക്കായി രാജ്യത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ വിദ്യാഭ്യാസ സേവന വിപുലീകരണമാണ് ഇത്തവണ ആസൂത്രണം ചെയ്യുന്നത്. ഇതിനായി രാജ്യത്തെ വിവിധ സ്‌കൂളുകളിൽ 23 പുതിയ ക്ലാസ് മുറികൾ സജ്ജമാക്കിയിരിക്കുന്നതായി മന്ത്രി അറിയിച്ചു.
വിശേഷശ്രദ്ധ ആവശ്യമായ വിദ്യാർത്ഥികൾക്കായി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും ഉൾക്കൊള്ളലുള്ള പഠന പദ്ധതികൾ ഇതിനായി രൂപപ്പെടുത്തിയുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകല്യമുള്ള കുട്ടികൾക്കായി ഉപയോഗിക്കുന്ന സ്‌കൂൾ ബസുകളുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ വേഗത്തിൽ വർദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. പുതിയ വികസിത പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ പുതിയ ട്രാൻസ്‌പോർട്ട് റൂട്ടുകളും നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ 50,000-ലധികം വിദ്യാർത്ഥികൾക്ക് ഇപ്പോൾ സ്‌കൂൾ യാത്രാസൗകര്യം ലഭിക്കുന്നു.
പൊതുവിദ്യാലയങ്ങളിൽ 6,000 പുതിയ എയർ കണ്ടീഷനുകൾ ഇപ്പോൾ സ്ഥാപിക്കപ്പെടുകയാണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ ചേർത്ത 5,000 യൂണിറ്റുകൾക്ക് പിന്നാലെയാണ് ഈ വർധനവ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് എയർ കണ്ടീഷൻ സംവിധാനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിന് പ്രത്യേക വിദഗ്ധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി ക്ലീനിംഗ് ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കും. മുൻകാലത്ത് രണ്ട് മുതൽ നാല് പേരുവരെ ഉണ്ടായിരുന്ന ക്ലീനിംഗ് സ്റ്റാഫ് ഇപ്പൊഴുള്ള പദ്ധതിയനുസരിച്ച് ഓരോ സ്കൂളിലും നാല് മുതൽ ഒൻപത് ജീവനക്കാർ വരെ നിയമിക്കും.
പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി പ്രവർത്തിച്ച മന്ത്രാലയത്തിന്റെ പിന്തുണാ ടീമുകൾക്ക് മന്ത്രി നന്ദി അറിയിച്ചു. അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.