മസ്‌കത്ത്– മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പിടിച്ചെടുത്ത് ഒമാന്‍ സൗത്ത് അല്‍ ബത്തീന പോലീസ്. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാന്‍ പൗരന്മാര്‍ അറസ്റ്റില്‍. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമുദ്രാതിര്‍ത്തിയില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരുന്നു. കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 68,000 ലഹരി ഗുളികകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അനുമതിയില്ലാതെയാണ് ഒമാന്‍ അതിര്‍ത്തിയിലേക്ക് മത്സ്യബന്ധന ബോട്ട് പ്രവേശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക പരിശോധനയില്‍ പിടിച്ചെടുത്തത് അപകടകാരിയായ ലഹരി മരുന്നുകളാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുക, ലഹരിക്കടത്ത് തുടങ്ങിയ കുറ്റങ്ങളായിരിക്കും ചുമത്തുക. കടല്‍ മാര്‍ഗം ലഹരിക്കടത്ത് വ്യാപകമായതിനാല്‍ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും അധികൃതര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പ്രാദേശിക ഏജന്‍സികളുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. തുറമുഖങ്ങളിലോ തീരപ്രദേശങ്ങളിലോ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.