ദുബൈ – ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് 41 റൺസിന്റെ ജയം. വീണ്ടുമൊരു മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട പാകിസ്ഥാനിന് തുണയായത് ബൗളിംഗ് പ്രകടനമാണ്. വിജയത്തോടെ സൂപ്പർ ഫോറിലേക്ക് കടന്ന പാകിസ്ഥാൻ വീണ്ടും ഇന്ത്യയുമായി കൊമ്പ് കോർക്കും എന്നുറപ്പായി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ ആകെ നേടാനായത് 146 റൺസാണ്. ഫഖർ സാമാൻ (50), ഷഹിൻ അഫ്രീദി (29), ക്യാപ്റ്റൻ സൽമാൻ ആഘ ( 20) എന്നിവരുടെ ചേർത്തുനിൽപ്പാണ് കുറച്ചെങ്കിലും പൊരുതാവുന്ന സ്കോറിലെത്തിച്ചത്. യുഎഇയ്ക്ക് വേണ്ടി മറ്റൊരു മത്സരത്തിലും നാലു വിക്കറ്റുകൾ നേടി ജുനൈദ് സിദ്ദിഖ് തിളങ്ങി. സിമ്രാൻജീത് സിംഗ് മൂന്നു പേരെ മടക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയർ 17.4 ഓവറിൽ 105 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന വിജയപ്രതീക്ഷകൾ ഉണ്ടായിരുന്ന യുഎഇക്ക് പിന്നീട് 20 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായി. യുഎഇ നിരയിൽ ആകെ തിളങ്ങാനായത് രാഹുൽ ചോപ്ര (35), ധ്രുവ് പരാശർ (20) എന്നിവർക്ക് മാത്രമാണ്. മലയാളി അലിഷാ ഷറഫു (12), ക്യാപ്റ്റൻ മുഹമ്മദ് വസീം (14) എന്നിവരാണ് ഇരട്ടയക്കം കടന്ന മറ്റു താരങ്ങൾ. പാകിസ്ഥാനിനു വേണ്ടി അഫ്രീദി, ഹാരിസ് റഹൂഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ചു.