അബൂദാബി – ഏഷ്യ കപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ അരങ്ങേറും. എ ഗ്രൂപ്പിൽ ആതിഥേരായ യുഎഇയും ഒമാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബി ഗ്രൂപ്പിൽ ശ്രീലങ്കയും ഹോകോങ്ങും തമ്മിലാണ് ഇന്നത്തെ പോരാട്ടങ്ങൾ.
ഇന്ത്യൻ സമയം വൈകീട്ട് അഞ്ചരക്കാണ് ( യുഎഇ സമയം വൈകിട്ട് 4 മണി) യുഎഇയും ഒമാനും തമ്മിലുള്ള മത്സരം തുടക്കം കുറിക്കുക.
ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. യുഎഇ ആദ്യ മത്സരത്തിൽ ഇന്ത്യയോട് 9 വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ ഒമാൻ പാകിസ്താനെതിരെ 93 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.
47ന് രണ്ടു എന്ന നിലയിൽ നിന്ന് 57 റൺസിന് എല്ലാവരും പുറത്തായ യുഎഇക്ക് എതിരെ വെറും 27 പന്തുകളിൽ നിന്ന് ഇന്ത്യ വിജയലക്ഷ്യം കണ്ടിരുന്നു.
എന്നാൽ ഒമാൻ പാക്കിസ്ഥാനെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിന് ചുരുക്കി ബൗളിങിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങിൽ അത് തുടരാനായില്ല. വെറും 67 റൺസിനാണ് എല്ലാവരും ഓൾ ഔട്ടായത്. ഒമാൻ നിരയിൽ ഹമദ് മിർസ ( 27) മാത്രമാണ് ബാറ്റിങിൽ തിളങ്ങിയത്.
ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് ശ്രീലങ്കയും ഹോകോങ്ങും തമ്മിലുള്ള മത്സരം.