ദുബൈ – ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ് ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം. 41 വർഷം പഴക്കമുള്ള ഏഷ്യാകപ്പിന്റെ ഫൈനലിൽ ആദ്യമായിട്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.
മികച്ച ഫോമിലുള്ള ഇന്ത്യ കഴിഞ്ഞ രണ്ടു മത്സരത്തിലും പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യ
കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ചിരുന്നു. മാത്രമല്ല കലാശ പോരാട്ടത്തിന് ഒരുങ്ങുന്ന ടീം ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
എല്ലാ മത്സരത്തിലും തന്റെ തനത് ശൈലിയിൽ ബാറ്റ് വീശിയ അഭിഷേക് ശർമ പരിക്കിൽ നിന്ന് മുക്തനായി ഇറങ്ങുമെന്ന് തന്നെയാണ് ഇന്ത്യൻ ആരാധകർക്ക് ആവേശം നൽകുന്നത്.
മൂന്ന് അർദ്ധ സെഞ്ച്വറികൾ അടക്കം 309 റൺസുമായി വേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് അഭിഷേക്. 200 നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ള താരം തന്നെയാണ് സിക്സുകളുടെ കാര്യത്തിലും, ഫോറുകളുടെ കാര്യത്തിലും മുന്നിൽ.
അഭിഷേകിന്റെ കൂടെ ഗിൽ, സഞ്ജു എന്നിവരും ചേരുമ്പോൾ വിജയം എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്, എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പ്രകടനം തിരിച്ചടിയാണെങ്കിലും പ്രധാന മത്സരങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്.
ബൗളിങിലേക്ക് നോക്കുമ്പോൾ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് തുടരുന്ന കുൽദീപ് യാദവ് തന്നെയാണ് പ്രധാനി. കൂടെ ബുമ്ര, വരുൺ ചക്രവർത്തി എന്നിവർ കൂടി ചേരുമ്പോൾ പാകിസ്ഥാൻ ഒന്ന് വിയർക്കും. ബാറ്റിങിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെങ്കിലും അത്യാവശ്യ സമയങ്ങളിൽ വിക്കറ്റ് എടുക്കുന്ന ശിവം ദുബെയും ഇന്ത്യൻ ടീമിന് കിരീട പ്രതീക്ഷകൾ നൽകുന്നുണ്ട്.
എന്നാൽ മറുവശത്തേക്ക് നോക്കുമ്പോൾ ബാറ്റിങിൽ വളരെ മോശപ്രകടനമാണ് താരങ്ങൾ കാഴ്ചവക്കുന്നത്. അയൂബ് ഈ ഏഷ്യാകപ്പിൽ നാലുതവണയാണ് റൺസെന്നും എടുക്കാതെ മടങ്ങിയത്. മാത്രമല്ല ക്യാപ്റ്റൻ സൽമാൻ ആഘ അടക്കമുള്ള താരങ്ങൾ ടെസ്റ്റ് ശൈലിയിലാണ് ബാറ്റ് വീശുന്നത് എന്നതും തിരിച്ചടിയാണ്. പല സമയത്തും മധ്യനിര – വാലറ്റ താരങ്ങളുമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുന്നത്.
ബൗളിങിൽ താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം തിരിച്ചടിയാകുന്നുണ്ടെങ്കിലും ഡിഫൻഡ് ചെയ്യുന്നതിൽ വളരെ മിടുക്കരാണ് പാകിസ്ഥാനിന്റെ താരങ്ങൾ. ഷഹീൻ അഫ്രീദി, ഹാരിസ് റഹൂഫ് എന്നിവരിലാണ് പാകിസ്ഥാൻ ടീമിന്റെ പ്രതീക്ഷകൾ.
മുമ്പ് അഞ്ചു തവണയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടിയത്. ഇതിൽ മൂന്നു മത്സരങ്ങളിൽ പാകിസ്ഥാൻ വിജയം നേടിയപ്പോൾ രണ്ടു മത്സരങ്ങളിലാണ് ഇന്ത്യ വിജയ നേടിയത്.
ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ പോരാട്ടങ്ങൾ
1) 1985 – വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ക്രിക്കറ്റ്
മാർച്ച് 10 – മെൽബൺ – ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചു
2) 1986 – ഓസ്ട്രൽ – ഏഷ്യാ കപ്പ്
ഏപ്രിൽ 18 – പാകിസ്ഥാൻ ഒരു വിക്കറ്റിന് ജയിച്ചു
3) 1994 – ഓസ്ട്രൽ – ഏഷ്യാ കപ്പ്
ഏപ്രിൽ 22 – ഷാർജ – പാകിസ്ഥാൻ
39 റൺസിന് ജയിച്ചു
4) 2007 T-20 ലോകകപ്പ് ലോകകപ്പ്
സെപ്റ്റംബർ 24 – ജോഹന്നാസ്ബർഗ് – ഇന്ത്യ അഞ്ചു റൺസിന് ജയിച്ചു
5) 2017 – ചാമ്പ്യൻസ് ട്രോഫി
ജൂൺ 18 – ഓവൽ – പാകിസ്ഥാൻ 180 റൺസിന് ജയിച്ചു