ജിദ്ദ- അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ സൗദി അറേബ്യ സെമി ഫൈനലിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഒമാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് സൗദി സെമി ടിക്കറ്റെടുത്തത്.
ഫിറാസ് അൽ ബുറൈക്കാൻ രണ്ട് ഗോളുകളും (11′, 34′) ഹസ്സൻ കാദിഷ് ഒരു ഗോളും (18′) നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി സൗദി മികച്ച ലീഡ് ഉറപ്പിച്ചു.
6 പോയിന്റുള്ള സൗദി അറേബ്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തുകയും ഗൾഫ് കപ്പ് സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാവുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇറാഖ് കുവൈത്തിനെ തോൽപ്പിച്ചു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്.
ഏഷ്യൻ ഗെയിംസ്- ആദ്യദിനം സൗദിക്ക് രണ്ട് മെഡലുകൾ
52-ാം മിനിറ്റിൽ സിദാൻ ഇഖ്ബാൽ നേടിയ ഗോളിലൂടെ ഇറാഖ് ലീഡ് എടുത്തു. 74-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് കുവൈത്ത് താരം യൂസുഫ് നാസർ സ്‌കോർ സമനിലയിലാക്കി (1-1). 83ാം മിനിറ്റിൽ സൈഫ് റാഷിദ് ഹമീദ് നേടിയ മനോഹരമായ ബാക്ക്ഹീൽ ഗോളിലൂടെ ഇറാഖ് വീണ്ടും മുന്നിലെത്തി (2-1). മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ (90′) യൂസുഫ് നാസർ വീണ്ടും കുവൈത്തിനായി ഗോൾ നേടി സ്‌കോർ 2-2 സമനിലയിലാക്കി. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+9′) ഇറാഖ് താരം കർറാർ നബീൽ നേടിയ തകർപ്പൻ ഗോളിലൂടെ ഇറാഖ് വിജയം ഉറപ്പിച്ചു.
രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കുവൈത്ത് ടൂർണമെന്റിൽ നിന്ന് പുറത്തായി. നാല് പോയിന്റോടെ ഇറാഖ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
ഇന്ന് വൈകുന്നേരം 6.55ന് ബുറൈദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ യെമൻ- ഖത്തർ മത്സരവും രാത്രി 9 മണിക്ക് ജിദ്ദ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ ബഹ്‌റൈൻ- യു.എ.ഇയെയും നേരിടും.







