ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ എന്നാണ് സൂചന. യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർ അതിഥികളായി പങ്കെടുക്കും. ഉച്ചകോടിക്കായി ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇന്നലെ തന്നെ ബഗ്ദാദിൽ എത്തിയിരുന്നു.
അതേസമയം, ലീഗിൽ അംഗമായ ചില രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറാ രാഷ്ട്രീയ വിവാദങ്ങൾ കാരണം പങ്കെടുത്തേക്കില്ല. പകരം വിദേശകാര്യമന്ത്രിയാണ് പങ്കെടുക്കുക.
മാർച്ച് 4-ന് കെയ്‌റോയിൽ നടന്ന അറബ് ലീഗിന്റെ അടിയന്തര ഉച്ചകോടി, ഈജിപ്ത് മുന്നോട്ടുവെച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ചിരുന്നു. ഫലസ്തീനികളെ ഗാസയിൽനിന്ന് മാറ്റാതെ മൂന്ന് ഘട്ടങ്ങളിലായി പുനർനിർമ്മാണം നടത്താനാണ് 53 ബില്യൺ ഡോളറിന്റെ ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ജനങ്ങളെ പുറത്താക്കി ഗാസ പിടിച്ചടക്കുക എന്ന നിലപാടോടെ ഇസ്രായിൽ അക്രമം തുടരുന്ന സാഹചര്യത്തിൽ ഈ പദ്ധതിയുടെ ഭാവി ആശങ്കയിലാണ്. ഗാസയിൽ നിന്ന് ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റുന്ന പദ്ധതിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടു പോകുന്നു എന്ന വാർത്തകൾക്കിടെ അറബ് ലീഗ് എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊള്ളുമോ എന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്.
ഗാസയിലെ മാനുഷിക പ്രതിസന്ധി, വെടിനിർത്തൽ ചർച്ചകൾ, ഫലസ്തീൻ സ്വയംഭരണത്തിനുള്ള പിന്തുണ എന്നിവ ഇന്നത്തെ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും എന്നാണ് കരുതുന്നത്. ഈജിപ്ത് മുന്നോട്ടുവച്ച പുനർനിർമ്മാണ പദ്ധതിക്ക് ധനസഹായം ഉറപ്പാക്കുന്നതിനും ഗൾഫ് രാഷ്ട്രങ്ങളുടെ പിന്തുണ നേടുന്നതിനും ശ്രമങ്ങളുണ്ടാകും. എന്നാൽ, ഒരു സമ്മർദവും വകവെക്കാതെ കുട്ടികളെയടക്കം കൊലപ്പെടുത്തിയും കെട്ടിടങ്ങൾ തകർത്തും ഇസ്രായിൽ മുന്നോട്ടു പോകുമ്പോൾ അതിനെ ചെറുക്കാൻ ആവശ്യമായ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് കുടിയിറക്കുന്നതിനെ എതിർക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത് കെയ്റോ ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു.