ജിദ്ദ – റമദാൻ മാസത്തിൽ അൽഅഖ്സ മസ്ജിദ് വിശ്വാസികൾക്ക് മുന്നിൽ ഇസ്രായേൽ അടച്ചുപൂട്ടിയതിനെ എട്ട് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജറൂസലമിലെ ആരാധനാലയങ്ങളിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നത് തടയുന്നതും ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും ചരിത്രപരമായ വസ്തുതകളുടെയും ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
അൽഅഖ്സ മസ്ജിദിലും വിശ്വാസികൾക്കെതിരെയും ഇസ്രായേൽ തുടരുന്ന പ്രകോപനപരമായ നടപടികളെ മന്ത്രിമാർ പൂർണ്ണമായും തള്ളിപ്പറഞ്ഞു. 144 ഏക്കർ വിസ്തീർണ്ണമുള്ള അൽഅഖ്സ പള്ളിയുടെ എല്ലാ ഭാഗങ്ങളും മുസ്ലിംകൾക്ക് മാത്രമുള്ള ആരാധനാസ്ഥലമാണെന്നും അവിടുത്തെ പുണ്യസ്ഥലങ്ങൾക്ക് മേൽ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്നും ഇവർ വ്യക്തമാക്കി. പള്ളിയുടെ നടത്തിപ്പിനും പ്രവേശന നിയന്ത്രണത്തിനും ജോർദാൻ വഖഫ് വകുപ്പിന് മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
പള്ളിയുടെ കവാടങ്ങൾ ഉടൻ തുറക്കണമെന്നും വിശ്വാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ തടസ്സങ്ങളും ഇസ്രായേൽ നീക്കണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളുടെ പവിത്രത തകർക്കുന്ന ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.



