ദോഹ- പ്രശസ്ത കലാകാരൻ അൻവർ സാദത്ത് ഒരുക്കിയ ചിത്രപ്രദർശനം ലുസൈലിലെ ആർട്ട് ഫാക്ടറിയിൽ ആരംഭിച്ചു. ഡോ. സുൽത്താൻ അൽ ദാർവിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ മഷ്ഹൂദ് വി.സി, പ്രശസ്ത കാലിഗ്രാഫി കലാകാരൻ കരീം ഗ്രാഫി, ആർട്ട് ഫാക്ടറി ജനറൽ മാനേജർ ഇജാസ് ഹംസ, ആർട്ടിസ്റ്റ് ഡോ. ശ്രീകുമാർ, ബസിത് ഖാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഖത്തറിലെ ദീർഘകാല പ്രവാസിയായ അൻവർ സാദത്ത്, തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും കലാരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന സൃഷ്ടികൾ കാണാൻ മെയ് 7 വ്യാഴാഴ്ച വരെ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.


പ്രദർശനത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി 8 മണിക്ക് വാഴയൂർ സർവീസ് ഫോറം (VSF) ഖത്തർ സംഘടിപ്പിക്കുന്ന ‘സ്നേഹാദരം’ പരിപാടിയിൽ അൻവർ സാദത്തിനെ ആദരിക്കും. കലയെയും സംസ്‌കാരത്തെയും സ്നേഹിക്കുന്ന എല്ലാ പ്രവാസികളെയും സാമൂഹ്യ പ്രവർത്തകരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


ലുസൈലിലെ ആർട്ട് ഫാക്ടറിയിൽ നടക്കുന്ന പ്രദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +974 5509 4104 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



