അബുദാബി – സി.ഇ.ഒ വേള്‍ഡ് മാഗസിന്‍ തയാറാക്കിയ ലോകത്തെ ഏറ്റവും സുരക്ഷിതമായ 300 നഗരങ്ങളുടെ പട്ടികയില്‍ യു.എ.ഇ തലസ്ഥാനമായ അബുദാബി ഒന്നാം സ്ഥാനത്തെത്തി. 100-ല്‍ 97.73 എന്ന മികച്ച സുരക്ഷാ സ്‌കോര്‍ നേടിയാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. തായ്പേയി (97.5), ദോഹ (97.35) എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി ഒന്നാമതെത്തിയത്. ശക്തമായ നിയമനിര്‍വ്വഹണം, എ.ഐ (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണം, സിവില്‍ ഡിഫന്‍സ് സേഫ്റ്റി പട്രോള്‍ പോലുള്ള കമ്മ്യൂണിറ്റി പോലീസിംഗ് സംരംഭങ്ങള്‍ എന്നിവയാണ് അബുദാബിയെ സുരക്ഷിതമാക്കുന്ന പ്രധാന ഘടകങ്ങള്‍. കുറ്റകൃത്യങ്ങള്‍ തടയുന്നതിനപ്പുറം, രാഷ്ട്രീയ സ്ഥിരതയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും നഗരത്തിന് കരുത്തേകുന്നു. താമസക്കാര്‍ക്കും പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ സുരക്ഷിതബോധം നല്‍കുന്ന അബുദാബിയിലെ സാഹചര്യം കുടുംബസൗഹൃദ അന്തരീക്ഷം വളര്‍ത്തുകയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വത്ത് മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ ശക്തമായ ഭരണകൂടങ്ങളുടെയും സുരക്ഷാ നടപടികളുടെയും തെളിവായി ഇത്തവണ അജ്മാന്‍, ദുബായ്, റാസല്‍ഖൈമ, മസ്‌കത്ത് തുടങ്ങിയ നിരവധി ഗള്‍ഫ് നഗരങ്ങളും ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍, നിയമനിര്‍വ്വഹണത്തിലെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങളിലെ സുരക്ഷ എന്നിവ മാനദണ്ഡമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. അബുദാബിക്ക് പിന്നാലെ തായ്‌പേയ്, ദോഹ, അജ്മാന്‍, ദുബായ്, റാസല്‍ഖൈമ, മസ്‌കത്ത് എന്നിവയ്‌ക്കൊപ്പം ഹേഗ്, ബേണ്‍, മ്യൂണിക്ക്, ട്രോണ്ട്‌ഹൈം, ലുബ്ലിയാന, ഗ്രോണിന്‍ഗെന്‍, സാഗ്രെബ്, ഹോങ്കോംഗ്, യെരേവാന്‍, ഐന്തോവന്‍, ക്യൂബെക്ക് സിറ്റി, ക്ലൂജ്-നാപോക്ക, സൂറിച്ച് എന്നീ നഗരങ്ങളാണ് യഥാക്രമം ഒന്ന് മുതല്‍ ഇരുപത് വരെയുള്ള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നഗര സുരക്ഷയ്ക്ക് മാതൃകയാവുന്ന പ്രകടനമാണ് അബുദാബി തുടര്‍ച്ചയായി കാഴ്ചവെക്കുന്നത്.



