അബൂദാബി– 2025 ലെ ലോക നികുതി സൗഹൃദ നഗര റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അബൂദാബിയും ദുബൈയും.
മൾട്ടിപൊളിറ്റൻ പ്രസിദ്ധീകരിച്ച വെൽത്ത് റിപ്പോർട്ടിൽ 164 നഗരങ്ങളുടെ പട്ടികയിലാണ് യു.എ.ഇ നഗരങ്ങൾ ഇടം പിടിച്ചത്. യാത്ര ചെയ്യാനും താമസം മാറാനും ബിസിനസുകൾ തുടങ്ങാനും ആസ്തികൾ കൈകാര്യം ചെയ്യാനുമുള്ള പ്രക്രിയകൾ ലളിതമാക്കുന്ന ഒരു ആഗോള മൈഗ്രേഷൻ പ്ലാറ്റ്ഫോമാണ് മൾട്ടിപൊളിറ്റൻ.
നിയമപരമായ സ്ഥിരത, സർക്കാർ വിശ്വാസ്യത, നിക്ഷേപക സൗഹൃദ നയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ വിലയിരുത്തിയത്.
വ്യക്തിഗത ആദായനികുതിയുടെ പൂർണ്ണമായ അഭാവം, കുറഞ്ഞ നികുതി, ഉയർന്ന വിശ്വാസ്യതയുള്ള നിയമവ്യവസ്ഥ എന്നിവയാണ് അബൂദാബിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
സുരക്ഷ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിൽ നഗരത്തിന്റെ സുസ്ഥിരമായ ഭരണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വിപുലമായ നികുതി ഉടമ്പടി ശൃംഖല, ബിസിനസ് സൗഹൃദപരമായ നിയന്ത്രണങ്ങൾ എന്നിവയിലൂടെ ദുബൈ രണ്ടാം സ്ഥാനത്തെത്തി.
ഏഴ് ജിസിസി നഗരങ്ങളാണ് ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. 12-ാം സ്ഥാനത്ത് റിയാദും17-ാം സ്ഥാനത്ത് മസ്കറ്റും തൊട്ടുപിന്നിൽ മനാമയും ദോഹയും തുല്യ സ്ഥാനങ്ങളിലായി പട്ടികയിൽ ഉൾപ്പെടുന്നു.