ജിദ്ദ – ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം രാജ്യത്ത് നടത്തിയ പരിശോധനകള്‍ക്കിടെ 71 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി.
ബിനാമി ബിസിനസ് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും ചെറുക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സംശയത്തിന്റെയും ഫീല്‍ഡ് തെളിവുകളുടെയും അടിസ്ഥാനത്തില്‍, രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ 2,611 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയത്. സ്വര്‍ണം, പരിപ്പുകള്‍, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ബേക്കറി, മിഠായി ഉല്‍പ്പന്നങ്ങള്‍, പെര്‍ഫ്യൂമുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബാഗുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധകള്‍ നടത്തിയത്. ഇതിനിടെ 71 കേസുകള്‍ കണ്ടെത്തി. നിയമ ലംഘകര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനായി കേസുകള്‍ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സൗദിയില്‍ ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. നിയമ വിരുദ്ധ സമ്പത്ത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനം നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ്സ് ലിക്വിഡേറ്റ് ചെയ്യുക, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുക, ബിസിനസ്സ് നടത്തുന്നതില്‍ നിന്ന് സ്വദേശികളെ വിലക്കുക, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുക, നിയമ ലംഘകരായ വിദേശികളെ നാടുകടത്തി പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുക എന്നിവയും ശിക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നു.



