മക്ക- ഹജ്ജ് തീർഥാടകർക്ക് കൂടുതൽ സുഖകരമായ അന്തരീക്ഷം ഒരുക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിച്ചു. മക്ക റോയൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് വിഭാഗമായ കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ പൂർത്തിയായ ഒന്നാം ഘട്ടത്തിൽ 20,000 മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 40,000 മരങ്ങൾ കൂടി വച്ചുപിടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ കഴിഞ്ഞ ഹജ്ജ് സീസണിന് ശേഷം നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണം 60,000 കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഹരിത ഇടങ്ങൾ മൂന്നിരട്ടിയായി വർധിച്ചതോടെ പുണ്യസ്ഥലങ്ങളിലെ ചൂട് കുറയാനും കാലാവസ്ഥ മെച്ചപ്പെടാനും ഇത് സഹായിക്കും.


പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രത്യേക തരം സസ്യങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് കിദാന കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് മികച്ച ആത്മീയ അനുഭവം നൽകാനും ഈ ഹരിതവൽക്കരണ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.
തീർഥാടകരുടെ കാൽനട യാത്ര സുഗമമാക്കുന്നതിനായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവും ഇതോടൊപ്പം പൂർത്തിയായി. ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി 36,000 ചതുരശ്ര മീറ്റർ പ്രദേശം കൂടി ഇതിനായി വികസിപ്പിച്ചു. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ 30,000 ചതുരശ്ര മീറ്ററിന് പുറമെയാണിത്. തീർഥാടകർക്ക് നടന്നു പോകുന്ന വഴികളിൽ തണലും വിശ്രമവും നൽകുന്നതിനായി നൂതനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇരിപ്പിടങ്ങൾ, അത്യാവശ്യ സേവനങ്ങൾ ലഭ്യമാകുന്ന കിയോസ്ക്കുകൾ, അന്തരീക്ഷം തണുപ്പിക്കാൻ മിസ്റ്റിംഗ് ഫാനുകൾ ഘടിപ്പിച്ച കുടകൾ എന്നിവ ഈ വിശ്രമ കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ തീർഥാടകർക്ക് നടക്കുമ്പോൾ ആശ്വാസം നൽകുന്നതിനായി നൂതനമായ റബ്ബർ തറകളും ഇവിടെ പാകിയിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നും ഇത് സൗദി വിഷൻ 2030-ന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.



