മനാമ– ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 36 മില്ല്യൺ വില വരുന്ന മയക്കുമരുന്നുകൾ അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്തു. ന്യൂസിലാൻഡിൻറെ നേതൃത്വത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്സിന്റെ (സി.എം.എഫ്) കമ്പൈൻഡ് ടാസ്ക് ഫോഴ്സ് (സി.ടി.എഫ്) 150 യുട പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു യു.കെ റോയൽ നേവി കപ്പലാണ് 1,000 കിലോഗ്രാം ഹെറോയിൻ, 660 കിലോഗ്രാം ഹാഷിഷ്, 6 കിലോഗ്രാം ആംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തത്. സംശായസ്പദമായ രീതിയിൽ കടലിൽ കണ്ട ഒരു ബോട്ടിനെ ട്രാക്ക് ചെയ്ത് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വസ്തുക്കൾ പരിശോധനക്ക് ശേഷം നശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക പങ്കാളിത്തമായ സി.എം.എഫിന് കീഴിലുള്ള അഞ്ചു ടാസ്ക് ഫോഴ്സുകളിൽ ഒന്നാണ് സി.ടി.എഫ് 150. ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ, ഒമാൻ ഉൾക്കടൽ, എന്നിവിടങ്ങളിൽ ആയുധങ്ങൾ, മയക്കുമരുന്നുകൾ, മറ്റു നിയമവിരുദ്ധ വസ്തുക്കളുടെ അനധികൃത കടത്ത് തടയുക എന്നതാണ് ഇതിന്റെ ദൗത്യം.
ബഹറൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എഫ് ലോകത്തിലെ തന്നെ മികച്ച സംയുക്ത സംഘമാണ്. നിലവിൽ ന്യൂസിലാന്റിന് നേതൃപങ്കാളിത്തമുള്ള ഈ സംഘത്തിൽ 46 രാജ്യങ്ങൾ അംഗമായുണ്ട്.