റിയാദ്: സൗദിയിൽ നിർമാണ മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതായും 1,33,000 ലേറെ സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും സ്മാർട്ട് സിറ്റികളുടെ നിർമാണത്തിനും സംയോജിത വികസനത്തിനും സംഭാവന നൽകുന്നതായും മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. റിയാദിൽ ഗ്ലോബൽ പ്രോജക്ട്‌സ് മാനേജ്‌മെന്റ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കിഴക്കൻ പ്രവിശ്യാ മേയർ എഞ്ചിനീയർ ഫഹദ് അൽജുബൈറും ലോകമെമ്പാടും നിന്നുള്ള വിദഗ്ധരും ഫോറത്തിൽ പങ്കെടുത്തു. സ്ഥാപനങ്ങളുടെ പ്രവചിക്കാനും പ്രതികരിക്കാനും നടപ്പാക്കാനുമുള്ള കഴിവ് പദ്ധതി മാനേജ്‌മെന്റ് വർധിപ്പിക്കുന്നതായും ഇത് മെച്ചപ്പെട്ട പ്രകടനത്തിനും ഡെലിവറി ഗുണനിലവാരത്തിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദി വിഷൻ 2030 സാമ്പത്തിക, സാമൂഹിക, വികസന മേഖലകളെ പുനർനിർമിക്കുന്ന അഭിലാഷകരമായ ഭാവിയാണ് വരച്ചുകാണിക്കുന്നത്. പ്രോജക്ട് മാനേജ്‌മെന്റ് ഇനി ഒരു എക്‌സിക്യൂട്ടീവ് ഓപ്ഷനല്ല, മറിച്ച്, തന്ത്രപരമായ സമീപനവും സുസ്ഥിരമായ സ്വാധീനം കൈവരിക്കാനുള്ള പ്രധാന ഉപകരണവുമാണ്. സൗദിയിൽ നിർമാണ മേഖലയിൽ ശ്രമങ്ങൾ ഏകീകരിക്കാനും പ്രകടന കാര്യക്ഷമത വർധിപ്പിക്കാനും നാഷണൽ പ്രോജക്ട്‌സ് കൗൺസിൽ സഹായിക്കുന്നു.
ഗുണനിലവാരമുള്ള പദ്ധതി നടത്തിപ്പും ദേശീയ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നത് ഉറപ്പാക്കാനും സർക്കാർ പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസുകൾ ആസൂത്രണം, തുടർനടപടികൾ, ഭരണ രീതികൾ എന്നിവ മെച്ചപ്പെടുത്തുന്നു.
മനുഷ്യനെ ശ്രദ്ധാകേന്ദ്രത്തിൽ നിർത്തി അയൽപക്കങ്ങളെ പുനർരൂപകൽപന ചെയ്യുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചിന്തനീയമായ ആസൂത്രണത്തിലൂടെ, ഭാവി കെട്ടിപ്പടുക്കുന്നതിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും പ്രോജക്ട് മാനേജ്‌മെന്റിന് വലിയ പങ്കുണ്ട്. ലക്ഷ്യങ്ങളുടെ വ്യക്തത, നിയമങ്ങളുടെ വഴക്കം, നൂതന പരിഹാരങ്ങൾ, വിവിധ വകുപ്പുകളുടെ റോളുകൾ തമ്മിലെ സംയോജനം എന്നിവയെ ആശ്രയിച്ചിരിക്കും ഈ സമീപനത്തിന്റെ വിജയമെന്നും മാജിദ് അൽഹുഖൈൽ പറഞ്ഞു.
100-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 13,000-ത്തിലേറെ വിദഗ്ധരെയും 120 അന്താരാഷ്ട്ര പ്രഭാഷകരെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രമുഖ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് ഗ്ലോബൽ പ്രോജക്ട്‌സ് മാനേജ്‌മെന്റ് ഫോറം 2025. 60 ചർച്ചാ സെഷനുകളും 16 പരിശീലന ശിൽപശാലകളും ഫോറത്തിൽ അടങ്ങിയിരിക്കുന്നു. ആഗോളതലത്തിൽ വികസനപരവും സ്ഥാപനപരവുമായ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന മുൻനിര പങ്കിന് ഫോറം അടിവരയിടുന്നു.