മസ്കത്ത്- 2025 ജൂണിൽ ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 1,134,924 യാത്രക്കാർ. 2024 ജൂണിൽ 1,109,745 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. രണ്ട് ശതമാനം വർധനവാണ് ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിന്റെ മെച്ചപ്പെട്ട സൗകര്യങ്ങളും മെച്ചപ്പെട്ട ഉപഭോക്തൃ സേവനവുമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനവിന് കാരണമായത്.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളും ടൂറിസത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായി. നഗരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ബിസിനസ്സ് യാത്രയിലും വർധനവ് വരാൻ ഇടയാക്കി. വരവ് മുതൽ പുറപ്പെടൽ വരെയുള്ള യാത്രാ അനുഭവം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സേവനങ്ങളും ഈ നേട്ടം കൈവരിക്കാൻ ഒമാൻ വിമാനത്താവളങ്ങളെ സഹായിച്ചു.