മനാമ– ബഹ്റൈൻ തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ പിടിയിലായ അനധികൃത പ്രവാസി തൊഴിലാളികളെ നാടുകടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നടത്തിയ പരിശോധനയിൽ പിടിയിലായ 106 പ്രവാസികളെയാണ് നാടുകടത്തിയത്. ജൂലൈ 27 മുതൽ ആഗസ്ത് 2വരെ നടത്തിയ 1425 പരിശാധനയിൽ 14 നിയമവിരുദ്ധ തൊഴിലാളികളെ എൽഎംആർഎ കണ്ടെത്തിയിരുന്നു. വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിലായി 1411 പരിശോധനകൾ നടത്തിയെന്ന് തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി പറഞ്ഞു.
ഇതു കൂടാതെ മുഹറാഖ്, നോർത്ത്, സൗത്ത് ഗവർണറേറ്റുകളിൽ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫേയ്‌സ്(എൻആർപിഎ), അതത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യൽ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് 14 സംയുക്ത കാമ്പയിനുകളും നടത്തി. 2024 ജനുവരി മുതൽ 86865 പരിശോധനകൾ നടത്തുകയും 1215 സംയുക്ത ക്യാമ്പയിനുകൾ തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി 3286 പേരെ കസ്റ്റഡിയിലെടുക്കുകയും 10188 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.