ജിദ്ദ– സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, രണ്ടാം സെമി ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഡ്രിഡ് ഡെർബി അരങ്ങേറുന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്‌സ് സിറ്റിയിൽ ഇന്ത്യൻ സമയം രാത്രി 12:30-നാണ് കരുത്തരായ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും നേർക്കുനേർ വരുന്നത്. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ അഭാവം റയലിന് തിരിച്ചടിയാണെങ്കിലും, കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേടിയ യുവതാരം ഗോൺസാലോ ഗാർഷ്യയുടെ മിന്നുന്ന ഫോമിലാണ് പരിശീലകൻ സാബി അലോൺസോ പ്രതീക്ഷ വെക്കുന്നത്. മറുഭാഗത്ത്, അവസാന നാല് മത്സരങ്ങളിൽ ഗോൾ കണ്ടെത്താനാകാതെ ഉഴറുന്ന ഹൂലിയൻ അൽവാരസിന്റെ ഫോമില്ലായ്മ സിമിയോണിയെയും സംഘത്തെയും ചെറിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.
ഈ സീസണിൽ ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ അത്ലറ്റികോ മാഡ്രിഡിനായിരുന്നു മേധാവിത്വം. മെട്രോ പൊളിറ്റാനോയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് അത്ലറ്റികോ തകർത്തുവിട്ടിരുന്നു. അന്ന് ഹൂലിയൻ അൽവാരസ്, അന്റോയിൻ ഗ്രീസ്‌മാൻ, ലെ നൊമാർഡ്, സോർലോത്ത് എന്നിവർ അത്ലറ്റികോയ്ക്കായി സ്കോർ ചെയ്തപ്പോൾ, എംബാപ്പെയും അർധ ഗുളറുമായിരുന്നു റയലിന്റെ ആശ്വാസ ഗോളുകൾ നേടിയത്. ആ തോൽവിക്ക് ജിദ്ദയിൽ പകരം വീട്ടാനുറച്ചാകും റയൽ മാഡ്രിഡ് ഇന്ന് പന്തുതട്ടുന്നത്.
ആദ്യ സെമി ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ ഇതിനോടകം തന്നെ ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. റഫീന്യ, ഫെർമിൻ ലോപസ്, റൂണി ബാഡ്‌ജി, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകൾ നേടിയത്. ഇന്നത്തെ മത്സരത്തിലെ വിജയികൾ ജനുവരി 11-ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബാഴ്സലോണയുമായി കിരീടത്തിനായി ഏറ്റുമുട്ടും. ഒരു എൽ ക്ലാസിക്കോ ഫൈനൽ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ജനുവരി 11 നാണ് ഫൈനൽ പോരാട്ടം



