ഗ്ലാസ്‌ഗോ– ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിന് സ്വപ്നതുല്യം തുടക്കം നൽകിയത് ഒരു ചരിത്രഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ബോക്‌സിനുള്ളിൽ ഉയർന്നുവന്ന ഹൈ ബോളിനെ ആകാശത്തുനിന്ന് പിടിച്ചെടുത്ത് മനോഹരമായ ബൈസികിൾ കിക്കിലൂടെ വലയിലാക്കി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം സ്കോട്ട് മക്ടോമിനെ.
ഈ ഗോളിന്റെ ഉയരം 8 അടി 3 ഇഞ്ച് (2.52 മീറ്റർ). വെറും 1.7 സെക്കൻഡ് മാത്രം വായുവിൽ തങ്ങിനിന്നാണ് മക്ടോമിനെ ഈ അസാധ്യം നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ നിന്ന് നേടിയ ബൈസികിൾ കിക്ക് ഗോളിന്റെ റെക്കോർഡ് ഇനി സ്കോട്ട് മക്ടോമിനെയുടെ പേരിലാണ്.
നേരത്തെ ഈ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൈവശമായിരുന്നു.2018-ൽ റയൽ മാഡ്രിഡിനായി യുവന്റസിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റൊണാൾഡോ നേടിയ അമ്പരപ്പിക്കുന്ന ബൈസികിൾ കിക്കിന്റെ ഉയരം 7 അടി 7 ഇഞ്ച് (2.38 മീറ്റർ), വായുവിൽ 1.5 സെക്കൻഡ്
. പിന്നീട് തുർക്കി ലീഗിൽ ബസാക്ഷെഹിർ താരം പോൾ ഒനുവാച്ചു 2.41 മീറ്ററിലേക്ക് റെക്കോർഡ് ഉയർത്തിയിരുന്നു. മക്ടോമിനെ അതും മറികടന്നു – റൊണാൾഡോയേക്കാൾ 14 സെന്റീമീറ്റർ ഉയരത്തിൽ!
ഈ ഗോളിന്റെ മികവിൽ സ്കോട്ട്‌ലൻഡ് ഡെന്മാർക്കിനെ 4-2ന് തകർത്ത് 1998ന് ശേഷം ആദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് C-യിൽ 6 കളിയിൽ നിന്ന് 13 പോയിന്റുമായി ഒന്നാം സ്ഥാനക്കാർ. 11 പോയിന്റുള്ള ഡെന്മാർക്ക് രണ്ടാമത്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലെത്തിയ മക്ടോമിനെ, സ്കോട്ട്ലൻഡ് ജഴ്സിയിൽ ഇതുവരെ നടത്തിയ പ്രകടനത്തിൽ ഏറ്റവും മനോഹരമായ നിമിഷമാണ് ഈ ഗോൾ. ആരാധകർ ഇത് എന്നും ഓർത്തുവെക്കുന്ന ഒരു ചരിത്രമുഹൂർത്തമായി മാറി



