ദോഹ– ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.
ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഏഷ്യൻ വമ്പൻമാരായ സൗദി ഒമാനെ നേരിടും. ബി ഗ്രൂപ്പിലാണ് ഇരുവരും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10:30 ( സൗദി /ഖത്തർ – 8:00 PM ) നാണ് കളി. ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാർഡിന്റെ കീഴിൽ 2026 ലോകകപ്പിൽ യോഗ്യത ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി ഇന്ന് ഇറങ്ങുന്നത്. ഇദ്ദേഹത്തിന്റെ കീഴിൽ 2022 ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. മറുവശത്ത് ഒമാൻ ആഫ്രിക്കൻ ടീമായ സോമാലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അറബ് കപ്പിന് യോഗ്യത നേടിയത്. ലോകകപ്പിന്റെ യോഗ്യത അവസാനം വെച്ച് നഷ്ടമാക്കിയതിന്റെ വേദന മറക്കാൻ കൂടിയാണ് ഖത്തർ മണ്ണിൽ അറബ് കപ്പിനായി ഒമാൻ ഇറങ്ങുന്നത്.
ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ബി ഗ്രൂപ്പിലെ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ കൊമോറോസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്ക് ( സൗദി /ഖത്തർ – 3:00 PM ) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായി 16 മത്സരങ്ങൾ ജയിച്ചുവരുന്ന മൊറോക്കോ 2022 ലോകകപ്പിൽ ഇതേ മണ്ണിൽ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു. യോഗ്യത റൗണ്ടിൽ യെമനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് അറബ് കപ്പിലേക്ക് കൊമോറോസിന്റെ വരവ്.
മറ്റൊരു കളിയിൽ സി ഗ്രൂപ്പിൽ നിന്നുള്ള ഈജിപ്ത് കുവൈത്തിനെ നേരിടും. 2022 ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് ( സൗദി /ഖത്തർ – 5: 30 PM) മത്സരം ആരംഭിക്കുക. അറബ് കപ്പ് ഏറ്റവും കൂടുതൽ നേടിയ ടീമാണ് ഈജിപ്ത്. നാല് തവണയാണ് ആഫ്രിക്കൻ കരുത്തർ കിരീടം ചൂടിയത്. എന്നാൽ കുവൈത്ത് ആണെങ്കിൽ അവസാന 15 മത്സരങ്ങളിൽ നേടിയത് ഒരൊറ്റ വിജയം മാത്രമാണ്.



