ഹൈദരാബാദ്– വിവിധ ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ അന്ത്യം. ദീർഘകാല അസുഖബാധിതനായിരുന്നു.
1942 ജൂലൈ 10-ന് വിജയവാഡയിൽ ജനിച്ച ശ്രീനിവാസ റാവു, വിദ്യാഭ്യാസം സയൻസിൽ ബിരുദം നേടി. പിതാവിനെ പോലെ ഡോക്‌ടറാകാനായിരുന്നു ആഗ്രഹം, പക്ഷേ അഭിനയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റി. കോളേജ് പഠനക്കാലത്ത് നാടകങ്ങളിലൂടെയാണ് നടനത്തിലേക്ക് തുടക്കം. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്തിരുന്നു.
1978-ൽ പുറത്തിറങ്ങിയ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. പിന്നീടു തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങൾക്കൊപ്പമുളള അഭിനയത്തിലൂടെ വലിയ പ്രശസ്തി നേടി. തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴ് സൂപ്പർഹിറ്റുകളിൽ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. മലയാളത്തിൽ 2011-ൽ മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ദി ട്രെയിൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയിച്ചത്.
ഗായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലകളിലും മികവു തെളിയിച്ചിരുന്ന ശ്രീനിവാസ റാവു, രാഷ്ട്രീയത്തിലും സജീവനായിരുന്നു. 1999 മുതൽ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ബിജെപി ടിക്കറ്റിലായിരുന്നു വിജയം. 2015-ൽ പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.