ടോക്കിയോ– ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കരുതപ്പെടുന്ന ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116-ാം വയസ്സിലാണ് മരണം സംഭവിച്ചത്. ടോമിക്കോ ഇറ്റൂക്ക താമസിച്ചിരുന്ന ആഷിയ നഗരത്തിന്റെ മേയറാണ് ഇക്കാര്യം അറിയിച്ചത്. നാല് കുട്ടികളും അഞ്ച് പേരക്കുട്ടികളുമുള്ള ഇറ്റൂക്ക, 2019 മുതൽ താമസിച്ചിരുന്ന ഒരു നഴ്സിംഗ് ഹോമിലാണ് മരിച്ചതെന്ന് തെക്കൻ സിറ്റി മേയർ പ്രസ്താവനയിൽ പറഞ്ഞു.
1908 മെയ് 23 ന് ആഷിയയ്ക്കടുത്തുള്ള ഒസാക്കയിലെ വാണിജ്യ കേന്ദ്രത്തിലാണ് ഇറ്റൂക്ക ജനിച്ചത്. ഫോർഡ് മോഡൽ ടി ഓട്ടോമൊബൈൽ അമേരിക്കയിൽ അവതരിപ്പിക്കുന്നതിന് നാല് മാസം മുമ്പായിരുന്നു ഇവരുടെ ജനനം. 2024 ഓഗസ്റ്റിൽ സ്പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ 117-ാം വയസ്സിൽ മരണമടഞ്ഞതിന് ശേഷമാണ് ഇറ്റൂക്ക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടത്.
“മിസ് ഇറ്റൂക്ക തന്റെ നീണ്ട ജീവിതത്തിലൂടെ ഞങ്ങൾക്ക് ധൈര്യവും പ്രതീക്ഷയും നൽകിയെന്നും അതിന് ഞങ്ങൾ അവരോട് നന്ദി പറയുന്നുവെന്നും മേയർ റയോസുകെ തകാഷിമ പ്രസ്താവനയിൽ പറഞ്ഞു. ഇറ്റൂക്ക ലോകമഹായുദ്ധങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ജീവിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ വോളിബോൾ കളിച്ചു. വാർദ്ധക്യത്തിൽ, ഇറ്റൂക്ക വാഴപ്പഴവും ജപ്പാനിൽ പ്രചാരമുള്ള കാൽപ്പിസ് എന്ന പാൽ ശീതളപാനീയവും ആസ്വദിച്ചിരുന്നുവെന്ന് മേയറുടെ പ്രസ്താവനയിൽ പറയുന്നു.
ജപ്പാനിൽ സ്ത്രീകൾ സാധാരണയായി ദീർഘായുസുള്ളവരാണ്. ഇക്കഴിഞ്ഞ സെപ്തംബറിലെ കണക്കു പ്രകാരം, 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള 95,000-ലധികം ആളുകളാണ് ജപ്പാനിലുള്ളത്. അവരിൽ 88 ശതമാനവും സ്ത്രീകളാണ്. രാജ്യത്തെ 124 ദശലക്ഷം ജനങ്ങളിൽ മൂന്നിലൊന്ന് പേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.
ഇറ്റൂക്കയുടെ മരണശേഷം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇപ്പോൾ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസ് ആണ്. ഇവർ 1908 ജൂൺ 8 നാണ് ജനിച്ചത് എന്നാണ് യുഎസ് ജെറൻ്റോളജിക്കൽ റിസർച്ച് ഗ്രൂപ്പും ലോംഗ്വിക്വസ്റ്റും പറയുന്നത്.