മലപ്പുറം: ഡയലോഗ്, ഫോക്കസ്, മുഖാമുഖങ്ങൾ, യൂണിറ്റ് ശാക്തീകരണം, ക്യു. എച്ച്. എൽ. എസ്., റമളാൻ കാല പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമ പദ്ധതികൾ, യൂത്ത് അവെക്കനിങ്, കോൺക്ലവ്, പെൻഷൻ പദ്ധതി, എൻവിഷൻ തുടങ്ങിയ അടുത്ത ആറു മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് അന്തിമരൂപം നൽകി വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ സമാപിച്ചു. വർദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളിൽ ഉപരിവിപ്ലവമായ ചർച്ചകൾക്ക് പകരം അടിസ്ഥാന കാരണങ്ങളിലേക്ക് കടന്നുള്ള പരിഹാരമാണ് വേണ്ടതെന്ന് വിസ്ഡം യൂത്ത് മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലും മലപ്പുറത്തും നടന്ന ലൈംഗിക അതിക്രമങ്ങൾ ഏറെ ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ജെൻഡർ സാമൂഹിക നിർമ്മിതിയാണെന്ന തത്വം പറയുന്നവരുടെ സ്വാധീനം ഇത്തരം കേസുകളിൽ ഉണ്ടോയെന്ന് പഠനവിധേയമാക്കണം.
എന്തിനും ഏതിനും യൂറോപ്യൻ സംസ്കാരങ്ങൾ റോൾ മോഡൽ ആയി അവതരിപ്പിക്കപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണണം. ധാർമികതയുടെ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിന് മനുഷ്യനിർമ്മിത മാനദണ്ഡങ്ങൾക്ക് പകരം ദൈവിക ദർശനങ്ങളിലേക്ക് മടങ്ങലാണ് യഥാർത്ഥ പരിഹാരമെന്ന് ആവർത്തിച്ച് വരുന്ന ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും കൗൺസിൽ പ്രമേയം പാസാക്കി.
കൗൺസിലിൻ്റെ ഭാഗമായി ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ടൗൺ ഹാളിൽ നടന്ന വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. പി. എൻ. അബ്ദുല്ലത്തീഫ് മദനി, ടി. കെ. അഷ്റഫ്, നാസിർ ബാലുശ്ശേരി, വിസ്ഡം യൂത്ത് ജന. സെക്രട്ടറി ടി. കെ. നിഷാദ് സലഫി, മുസ്തഫ മദനി, ഡോ. പി. പി. നസീഫ്, യു. മുഹമ്മദ് മദനി, ഫിറോസ് സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. അൻഫസ് മുക്രം, ഡോ. അബ്ദുല്ല അൻസാരി, ഡോ. ഫസലുറഹ്മാൻ, എ.പി. മുനവ്വർ സ്വലാഹി, ഷാഫി ശാസ്താംകോട്ട, എന്നിവർ സംസാരിച്ചു.