ജിദ്ദ – വൈദ്യുതി ഉപയോഗം കൂടിയ രണ്ടര ലക്ഷം പഴയ വിന്‍ഡോ എ.സികള്‍ മാറ്റി ഊര്‍ജ കാര്യക്ഷമതയുള്ള പുതിയ എ.സികള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ് തുടക്കം കുറിച്ചു. സൗദി ഊര്‍ജ കാര്യക്ഷമതാ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘ഇസ്തിബ്ദാല്‍’ എന്ന് പേരിട്ട പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന പദ്ധതി കാലത്ത് പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ടര ലക്ഷം പഴയ വിന്‍ഡോ എയര്‍കണ്ടീഷനറുകള്‍ മാറ്റി, അവയെ പുനരുപയോഗിക്കാവുന്ന വസ്തുക്കളാക്കി പരിവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പങ്കാളികളായ സ്ഥാപനങ്ങളില്‍ നിന്ന് ആയിരം റിയാലിന് ഫിറ്റിംഗ് ചാര്‍ജില്ലാതെ പുതിയ വിന്‍ഡോ എ.സികള്‍ ലഭിക്കും. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ 88,000 പഴയ വിന്‍ഡോ എ.സികള്‍ പുനഃചംക്രമണം ചെയ്തു. ഇത് മാലിന്യങ്ങള്‍ കുറക്കാനും പുനരുപയോഗിക്കാവുന്ന അസംസ്‌കൃത വസ്തുക്കളാക്കി മാറ്റാനും സഹായിച്ചു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ലക്ഷ്യമിടുന്നു.
മൂന്നാം ഘട്ടത്തില്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് പദ്ധതിയുടെ തുടര്‍ച്ച ഉറപ്പാക്കുകയും നല്ല സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുനഃചംക്രമണ പ്രവര്‍ത്തനങ്ങള്‍ കൈവരിക്കാനും തല്‍ഫലമായുണ്ടാകുന്ന അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് പ്രയോജനം നേടാനും പദ്ധതി സഹായിക്കും.