ചെന്നൈ- ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ നേതൃത്വത്തിൽ നിർദ്ദിഷ്ഠ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ പങ്കാളിത്തത്തോടെ വഖഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടന്നു. ചെന്നൈ എഗ് മൂർ രാജ രത്നം സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം പേർസണൽ ലോ ബോർഡ് അഖിലേന്ത്യാ ജനറൽ സെക്രട്ടരി മൗലാനാ ഫസലുർ റഹിം മുജദ്ദിദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് ഖാജാ മുഈനുദീൻ ബാഖവി, ഓൾ ഇൻന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ അംഗം ഡോ. ഹുസൈൻ മടവൂർ ( കേരളം), സെൽവെ പെരും തൈകൾ എം.എൽ.എ (കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്), തിരുച്ചി ശിവം എം.പി (ഡി.എം.കെ) സച്ചിതാനന്ദം എം.പി ( സി.പി.എം), സുബ്രായൻ എം.പി (സി.പി.ഐ), തോൾ തിരുമലവൻ എം.പി (വി.സി.കെ പാർട്ടി ), പ്രൊഫസർ ജവാഹിറുല്ലാഹ് എം.എൽ.എ ( ടി.എം.എം.കെ), മൗലവി ഹനീഫ മമ്പഈ ( ജമാഅത്തെ ഇസ്ലാമി ) ഉമർഫാറൂഖ് ( എസ്.ഡി.പി.ഐ) തുടങ്ങിയവർ സംസാരിച്ചു.

നിർദ്ദിഷ്ഠ വഖഫ് ബിൽ ഇന്ത്യൻ ഭരണഘടനക്കെതിരാണെന്നും അത് മുസ്ലിം സമുദായത്തിൻ്റെ സ്വത്തുക്കൾ കയ്യേറാനുള്ള ഗൂഡാലോചനയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് മറ്റാരെക്കാളും മുന്നിൽ നിന്ന് പൊരുതി മരിച്ച മുസ്‌ലിം സമുദായത്തെ ഉന്മൂലനാശം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഭരണകൂടം പിന്മാറണം. ഇത്തരം അനീതിക്കും അനീതിക്കും ഭരണഘടനാ വിരുദ്ധപ്രവർത്തനങ്ങൾക്കുമെതിരിൽ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്നും യോഗം ആവശ്യപ്പെട്ടു.