ഐപിഎൽ 2025-ൽ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച മലയാളി യുവതാരം വിഘ്നേഷ് പുത്തൂർ തന്റെ ആദ്യ മത്സരത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 24 വയസ്സുകാരനായ ഈ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കന്നിയങ്കത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ ബാറ്റർമാരെ പുറത്താക്കി എല്ലാവരെയും അമ്പരപ്പിച്ചു. 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന മിന്നുന്ന പ്രകടനമാണ് വിഘ്നേഷ് കാഴ്ചവച്ചത്. മുംബൈ 155 റൺസ് എന്ന ചെറിയ സ്കോർ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിഘ്നേഷിന്റെ ഈ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നൽകിയെങ്കിലും എങ്കിലും ചെന്നൈ 4 വിക്കറ്റിന് വിജയം നേടി.
മത്സരശേഷം ഇതിഹാസതാരം എം.എസ് ധോണി വിഘ്നേഷിനെ തെരഞ്ഞു ചെന്ന് അഭിനന്ദിച്ചത് ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു.

മുംബൈ കണ്ടെടുത്ത മുത്ത്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്നേഷിന്റെ ഐപിഎൽ യാത്ര ഒരു അവിശ്വസനീയ കഥയാണ്. കേരളത്തിന്റെ സീനിയർ ടീമിനായി ഒരു മത്സരം പോലും കളിക്കാത്ത ഈ യുവതാരത്തെ മുംബൈ ഇന്ത്യൻസ് കണ്ടെത്തിയത് കേരള ക്രിക്കറ്റ് ലീഗിൽ (KCL) നിന്നാണ്. ആലപ്പി റിപ്പിൾസിനായി കളിച്ച വിഘ്നേഷ് 3 മത്സരങ്ങളിൽ 2 വിക്കറ്റ് മാത്രമാണ് നേടിയത്. എന്നിട്ടും മുംബൈയുടെ സ്കൗട്ടിംഗ് ടീം അവന്റെ അസാധാരണ ബൗളിംഗ് ആക്ഷനും കഴിവും തിരിച്ചറിഞ്ഞു. 2025-ലെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വിഘ്നേഷിനെ സ്വന്തമാക്കി.
ഐപിഎല്ലിൽ അരങ്ങേറുന്നതിനു മുമ്പ് മത്സരപരിചയത്തിനായി മുംബൈ വിഘ്നേഷിനെ എസ്എ20 മൂന്നാം സീസണിൽ എംഐ കേപ് ടൗണിന്റെ നെറ്റ് ബൗളറായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. അവിടെ, ലോകത്തിലെ മികച്ച റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാനൊപ്പം പരിശീലനം നേടാൻ അവസരം ലഭിച്ചു. മുംബൈയുടെ ട്രയൽസിൽ ഹാർദിക് പാണ്ഡ്യയെ പോലുള്ള താരങ്ങൾക്കെതിരെ പന്തെറിഞ്ഞപ്പോൾ പരിശീലകനായ മഹേല ജയവർധനെ അഭിനന്ദനവുമായെത്തി. “മഹേല സർ എന്റെ പേര് കണ്ടപ്പോൾ എന്നോട് സമാധാനത്തോടെ എറിയാൻ പറഞ്ഞു, അത് എനിക്ക് ആത്മവിശ്വാസം നൽകി…” എന്ന് വിഘ്നേഷ് പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരെ കണ്ടെത്തിയ മുംബൈയുടെ സ്കൗട്ടിംഗ് മികവിന്റെ മറ്റൊരു ഉദാഹരണമാണ് വിഘ്നേഷ്.
കൊതിപ്പിക്കുന്ന ബൗളിംഗ് ശൈലി
ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് ക്രിക്കറ്റിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ‘ചൈനാമാൻ’ ബൗളിംഗ് ശൈലിയിലാണ് പന്തെറിയുന്നത്. ബോൾ ഫ്ലൈറ്റ് ചെയ്യാനും ബാറ്ററെ കബളിപ്പിക്കാനും അവനുള്ള കഴിവ് ആദ്യ മത്സരത്തിൽ തന്നെ പ്രകടമായി. ഋതുരാജിനെ ലോംഗ് ഓൺ ഫീൽഡറുടെ കൈകളിലെത്തിച്ചപ്പോൾ, ഫ്ലൈറ്റിന്റെ മികവ് കാണാമായിരുന്നു. ശിവം ദുബെയെ വീഴ്ത്തിയത് ‘റോങ് വൺ’ എന്ന തന്ത്രപരമായ ഡെലിവറിയിലൂടെയും. ദീപക് ഹൂഡയും വിഘ്നേഷിന്റെ ഫ്ലൈറ്റിന് മുന്നിൽ കീഴടങ്ങി. അറ്റാക്ക് ചെയ്യാൻ ബാറ്ററെ പ്രേരിപ്പിക്കുകയും ക്യാച്ചിങ് അവസരമൊരുക്കുകയും ചെയ്യുന്ന ഈ ശൈലി ഐപിഎൽ പോലുള്ള ഫോർമാറ്റുകളിൽ ഏറെ ഫലപ്രദമാണ്. ശരാശരി 70 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന വിഘ്നേഷിന്റെ ശൈലി ഇന്ത്യൻ താരം കുൽദീപ് യാദവിനെ ഓർമിപ്പിക്കുന്നതാണ്. എന്നാൽ, വിഘ്നേഷിന്റെ ബൗളിംഗ് ആക്ഷന് സ്വന്തമായ ഒരു തനിമയുണ്ട്.
എളിയ പശ്ചാത്തലം
2001 മാർച്ച് 2-ന് പെരിന്തൽമണ്ണയിൽ ജനിച്ച വിഘ്നേഷിന്റെ കുടുംബം സാധാരണക്കാരാണ്. അച്ഛൻ സുനിൽ കുമാർ ഓട്ടോറിക്ഷാ ഡ്രൈവറും മാതാവ് ബിന്ദു കെ.പി വീട്ടമ്മയുമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ പിന്തുണയ്ക്കാൻ മാതാപിതാക്കൾ എപ്പോഴും മുന്നിലുണ്ടായിരുന്നു. 11-ാം വയസ്സിൽ ക്രിക്കറ്റ് കളി തുടങ്ങിയ വിഘ്നേഷ് ആദ്യം മീഡിയം പേസ് ബൗളറായാണ് തുടങ്ങിയത്. പിന്നീട്, മലപ്പുറത്തെ ക്ലബ് ക്രിക്കറ്റർ മുഹമ്മദ് ഷെരീഫിന്റെ ഉപദേശപ്രകാരം ലെഗ് സ്പിന്നിലേക്ക് മാറി.
ക്രിക്കറ്റിനായി മലപ്പുറത്ത് നിന്ന് തൃശൂരിലേക്ക് മാറിയ വിഘ്നേഷ്, തൃശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്ന് എം.എ. ലിറ്ററേച്ചർ പഠിക്കുന്നതിനിടയിലാണ് തന്റെ കഴിവ് മിനുക്കിയത്. കേരള കോളേജ് പ്രീമിയർ ടി20 ലീഗിൽ സെന്റ് തോമസിനായി മികച്ച പ്രകടനം കാഴ്ചവച്ച്, ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബിനായും തിളങ്ങി. 2024-ലെ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഭാഗമായതാണ് വഴിത്തിരിവായത്.
ഒരു പുതിയ തുടക്കം
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി കളിക്കുക എന്നത് വിഘ്നേഷിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. “ലേലം ഞാൻ വീട്ടിൽ ഇരുന്നാണ് കണ്ടത്. ഐപിഎല്ലിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല…” വിഘ്നേഷ് പറയുന്നു. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നതിന്റെ ത്രില്ലിലാണ് താരം.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഐപിഎല്ലിന്റെ വലിയ വേദിയിലേക്കുള്ള വിഘ്നേഷിന്റെ യാത്ര ഒരു പ്രചോദനമാണ്. ആദ്യ മത്സരത്തിലെ മികവ് ഈ യുവതാരത്തിന്റെ കഴിവിന്റെ തെളിവാണ്. മുംബൈ ഇന്ത്യൻസ് പോലുള്ള വലിയ ടീമിൽ കളിച്ചുള്ള മികവോടെ വിഘ്നേഷ് ഇന്ത്യൻ ജഴ്സിയണിയുമെന്നും ക്രിക്കറ്റ് ലോകത്ത് ഉയരങ്ങൾ കീഴടക്കുമെന്നും പ്രത്യാശിക്കാം.