തിരുവനന്തപുരം- എന്റെ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തനിക്ക് വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് വി.ഡി സതീശൻ. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പിൽ കഠിനാദ്ധ്വാനം ചെയ്ത ലക്ഷകണക്കിന് പ്രവർത്തകരും ടീം യു.ഡി.എഫായി നിന്ന നേതാക്കളുമാണ് വിജയത്തിന് പിന്നിൽ പ്രവർത്തിചത്. കേരളത്തിലെ ജനങ്ങൾ ഞങ്ങളെ വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചത്. ജനങ്ങളോട് പറഞ്ഞ മുഴുവൻ കാര്യങ്ങളും ചെയ്തുതീർക്കും.
പുതിയ കേരളത്തെ സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാദ്ധ്വാനം ചെയ്യും. എ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെ.സി വേണുഗോപാലാണ്. എന്റെ പ്രിയപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ദീപാ ദാസ് മുൻഷി എന്നിവരോടും നന്ദി പറയുന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തേടുകയാണ്. പുതിയ കേരളത്തെ സൃഷ്ടിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സതീശൻ പറഞ്ഞു.
നേതൃത്വത്തിന്റെ മുന്നിൽ ഒരുപാട് കാര്യങ്ങൾ വരുമ്പോൾ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യേണ്ടി വരുമെന്ന് പ്രഖ്യാപനം നീണ്ടത് സംബന്ധിച്ച ചോദ്യത്തിന് സതീശൻ മറുപടി നൽകി. ഒരുപാട് നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. അതിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കുക എന്നത് ഏറെ പ്രയാസമാണ്. ജനങ്ങൾ യു.ഡി.എഫിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു പാർട്ടിയെ പോലെയാണ് യു.ഡി.എഫ് പ്രവർത്തിച്ചത്. ദൈവീക നിയോഗമാണ് തനിക്ക് ലഭിച്ചത്. വ്യക്തിപരമായി ലഭിച്ച നിയോഗമല്ലെന്നും സതീശൻ പറഞ്ഞു.



